ട്വന്റി20 ലോകകപ്പില്‍ ആദ്യജയം നേടി ഇന്ത്യ; അഫ്ഗാനെ 66 റണ്‍സിന് തോല്‍പ്പിച്ചു

അബുദാബി: ടി20 ലോകകപ്പില്‍ കൂറ്റന്‍ ജയം അനിവാര്യമായ സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് കീഴടക്കി ഇന്ത്യ സെമിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 211 റണ്‍സിന്റെ ഹിമാലയന്‍ ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 22 പന്തില്‍ 42 റണ്‍സെടുത്ത കരീം ജന്നത് ആണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റെടുത്തു.

66 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനും ഇന്ത്യക്കായി.ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോടും രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും തോറ്റ ഇന്ത്യയുടെ ആദ്യ ജയമാണിത്. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 210-2. അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 144-7.

ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഒരു ടീമിന്റെ സ്‌കോര്‍ 200 കടക്കുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും കെ.എല്‍ രാഹുലിന്റെയും ഇന്നിംഗ്‌സുകളാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചത്. ഇരുവരും അര്‍ധസെഞ്ച്വറി തികച്ചു. ആദ്യ വിക്കറ്റില്‍ 141 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് കൂടെയാണിത്.

രോഹിത് ശര്‍മ 47 പന്തില്‍ നിന്ന് മൂന്ന് സിക്‌സും എട്ട് ഫോറുമടക്കം 74 റണ്‍സെടുത്തു. കരീം ജനാതിനാണ് രോഹിതിന്റെ വിക്കറ്റ്. കെ.എല്‍ രാഹുല്‍ 48 പന്തുകളില്‍ നിന്നായി രണ്ട് സിക്‌സും ആറ് ഫോറുമടക്കം 69 റണ്‍സെടുത്തു. ഗുലാബ്ദീന്‍ നാഇബിനാണ് കെ.എല്‍ രാഹുലിന്റെ വിക്കറ്റ്. അവസാന ഓവറുകളില്‍ റിഷബ് പന്തും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യന്‍ സ്‌കോറിന് ദ്രുത വേഗം നല്‍കിയത്. ഹര്‍ദിക് പാണ്ഡ്യ രണ്ട് സിക്‌സുകളുടെ അകമ്പടിയില്‍ 13 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ റിഷബ് പന്ത് മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 27 റണ്‍സെടുത്തു. അഫ്ഗാനായി കരീം ജന്നത് 42 റണ്‍സും മുഹമ്മദ് നബി 35 റണ്‍സും നേടി ഉയര്‍ന്ന സ്‌കോറര്‍മാരായി.

സസായ് 13, ഗുറാബ്‌സ് 19, ഗുലാബ്ദീന്‍ നായ്ബ് 18, നജീബുല്ലാഹ് സര്‍ദാന്‍ 11, ഷറഫുദ്ദീന്‍ അഷ്‌റഫ് 2 എന്നിങ്ങനെ റണ്‍സ് നേടി. മുഹമ്മദ് ഷഹ്‌സാദും റാഷിദ് ഖാനും പൂജ്യം റണ്‍സിന് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമി 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റും രവി ചന്ദ്രന്‍ അശ്വിന്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ടു വിക്കറ്റും നേടി. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീതവും കയ്യിലാക്കി. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പാകിസ്താനോടും ന്യൂസിലന്റിനോടും ദയനീയ പരാജയമേറ്റു വാങ്ങിയ ഇന്ത്യക്ക് ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കാന്‍ ഇനി നേരിയ സാധ്യതകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

Top