ടി-20 ലോകകപ്പ്; സ്റ്റേഡിയങ്ങളില്‍ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ഐസിസി

ടി-20 ലോകകപ്പില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. സ്റ്റേഡിയങ്ങളില്‍ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ഐസിസി അറിയിച്ചു. എന്നാല്‍, ഒമാനില്‍ ഒക്ടോബര്‍ മൂന്നിനുണ്ടായ ചുഴലിക്കാറ്റ് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. നിരത്തുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഒമാനിലെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പിന്നീട് തീരുമാനിക്കും.

‘പ്രദേശത്ത് നടക്കുന്ന ഏറ്റവും വലിയ കായിക പരിപാടിയാണ് ടി-20 ലോകകപ്പ്. കൊവിഡിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് കൂടിയാണ് ഇത്. ഉള്‍ക്കൊള്ളാവുന്നതിന്റെ 70 ശതമാനം കാണികളെ സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിക്കും. സാമൂഹിക അകലം പാലിക്കാനായി അബുദാബി സ്റ്റേഡിയം പുതിയ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.”- ഐസിസി വാര്‍ത്താകുറിപ്പില്‍ സൂചിപ്പിക്കുന്നു.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. ഒക്ടോബര്‍ 23 മുതലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 24ന് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും നവംബര്‍ 14ന് ഫൈനലും നടക്കും.

 

Top