ടി-20 ലോകപ്പ്; രണ്ടാം ജയം തേടി ശ്രീലങ്കയും ഓസ്‌ട്രേലിയയും ഇന്നിറങ്ങും

ദുബായ്: ടി-20 ലോകപ്പ് സൂപ്പര്‍ 12 റൗണ്ടില്‍ രണ്ടാം ജയം തേടി ശ്രീലങ്കയും ഓസ്‌ട്രേലിയയും ഇന്നിറങ്ങും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇരു ടീമുകളും വിജയിച്ചിരുന്നു. ശ്രീലങ്ക ബംഗ്ലാദേശിനെ തോല്പിച്ചപ്പോള്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ കീഴടക്കി ആദ്യ ജയം കുറിച്ചു.

ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര പഴയതു പോലെ മികച്ച പ്രകടനം നടത്തുന്നില്ലെന്നതാണ് അവരെ പിന്നോട്ടടിക്കുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്പിച്ചെങ്കിലും 119 റണ്‍സ് മറികടക്കാന്‍ അവസാന ഓവര്‍ വരെ കളിക്കേണ്ടി വന്നു എന്നത് ഓസ്‌ട്രേലിയക്ക് ആശങ്കയാണ്. വാര്‍ണര്‍, ഫിഞ്ച്, മിച്ചല്‍ മാര്‍ഷ് എന്നീ ആദ്യ മൂന്ന് സ്ഥാനങ്ങളിലെ താരങ്ങളൊന്നും ഫോമിലല്ല.

സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വല്‍ എന്നിവരടങ്ങിയ മധ്യനിരയാണ് ഓസീസ് ബാറ്റിംഗിലെ കരുത്ത്. മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് എന്നിവരും ഭേദപ്പെട്ട ഫോമിലാണ്. ഓപ്പണര്‍മാര്‍ ഫോം കണ്ടെത്തിയാല്‍ ഓസ്‌ട്രേലിയ കുതിക്കും.

ബൗളിംഗില്‍ ആദം സാമ്പ, ജോഷ് ഹേസല്‍വുഡ് എന്നിവരും നന്നായി കളിക്കുന്നു. പരിശീലനത്തിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിനു പരുക്കേറ്റത് അവര്‍ക്ക് കനത്ത തിരിച്ചടിയാണ്. സ്റ്റാര്‍ക്കിനു പകരം കെയിന്‍ റിച്ചാര്‍ഡ്‌സണോ ആഷ്ടന്‍ ആഗറോ കളിച്ചേക്കും.

 

Top