ടി20 ലോകകപ്പ്: മൂന്നാം ജയവുമായി സെമി ഉറപ്പിച്ച് പാകിസ്താന്‍

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലെ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി പാകിസ്താന്‍. അഫ്ഗാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കിനില്‍ക്കേ പാകിസ്താന്‍ മറികടന്നു. ഗ്രൂപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പാകിസ്താന്‍ സെമി ഉറപ്പാക്കുകയും ചെയ്തു.

47 പന്തില്‍ നിന്ന് നാലു ഫോറടക്കം 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. കളിയില്‍ അഫ്ഗാനിസ്താന്‍ മേല്‍ക്കൈ നേടിനില്‍ക്കേ കരീം ജന്നത്തിന്റെ 19ാം ഓവറില്‍ നാലു സിക്‌സറുകള്‍ പറത്തിയ ആസിഫ് അലിയാണ് പാക് ടീമിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ആസിഫ് വെറും ഏഴു പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.

148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് തുടക്കത്തില്‍ തന്നെ ഫോമിലുള്ള മുഹമ്മദ് റിസ്വാനെ നഷ്ടമായിരുന്നു. എട്ടു റണ്‍സെടുത്ത താരത്തെ മൂന്നാം ഓവറില്‍ മുജീബുര്‍ റഹ്മാനാണ് മടക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ബാബര്‍ അസമിനൊപ്പം ഫഖര്‍ സമാന്‍ ഒന്നിച്ചതോടെ അഫ്ഗാനിസ്താന്‍ പ്രതിരോധത്തിലായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

25 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത ഫഖര്‍ സമാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് നബിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ 10 പന്തില്‍ നിന്ന് 10 റണ്‍സുമായി മുഹമ്മദ് ഹഫീസും മടങ്ങി. തുടര്‍ന്ന് ബാബറും ഷുഐബ് മാലിക്കും ചേര്‍ന്ന് സ്‌കോര്‍ 122 വരെയെത്തിച്ചു. 17ാം ഓവറിലെ അവസാന പന്തില്‍ ബാബറിനെ മടക്കി റാഷിദ് ഖാന്‍ അഫ്ഗാനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.

പിന്നാലെ 18ാം ഓവറില്‍ മാലിക്കിനെ മടക്കി നവീന്‍ ഉള്‍ ഹഖ് പാകിസ്താനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. 15 പന്തില്‍ നിന്ന് 19 റണ്‍സെടുത്താണ് മാലിക്ക് മടങ്ങിയത്. എന്നാല്‍ 19ാം ഓവറില്‍ ആസിഫ് തകര്‍ത്തടിച്ചതോടെ പാകിസ്താന്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത മുജീബുര്‍ റഹ്മാനും നാല് ഓവറില്‍ 26 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത റാഷിദ് ഖാനും അഫ്ഗാന്‍ ബൗളര്‍മാരില്‍ തിളങ്ങി.

Top