ടി20 ലോകകപ്പ്; ഇന്ത്യയില്‍ നിന്ന് ഒരു അംപയർ മാത്രം

സിഡ്‌നി: ടി20 ലോകകപ്പിനുള്ള 16 അംഗ അംപയറിംഗ് പാനലില്‍ നിതാന്‍ മേനനും. പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക അംപയറാണ് നിതിന്‍ മേനന്‍. ലോകകപ്പിനായി നിതിന്‍ ഇതിനകം ഓസ്ട്രേലിയയില്‍ എത്തിയിട്ടുണ്ട്. ഫസ്റ്റ് റൗണ്ട്, സൂപ്പര്‍ 12 ഘട്ടങ്ങള്‍ക്കുള്ള അംപയര്‍മാരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ആരാണ് നിയന്ത്രിക്കുകയെന്ന് പിന്നീടേ പ്രഖ്യാപിക്കൂ. ഓസ്‌ട്രേലിയയില്‍ ഒക്ടോബര്‍ 16 മുതലാണ് ടി20 ലോകകപ്പ്. ആതിഥേയരായ ഓസീസിനാണ് നിലവിലെ ജേതാക്കള്‍.

ആകെ 16 അംപയര്‍മാരാണ് ലോകകപ്പ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ നിയന്ത്രിക്കുക. റിച്ചാര്‍ഡ് കെറ്റില്‍ബറോ, നിതിന്‍ മോനന്‍, കുമാര ധര്‍മ്മസേന, മാര്യസ് എരാസ്‌മസ് എന്നിവര്‍ പട്ടികയിലുണ്ട്. കഴിഞ്ഞ വര്‍ഷം യുഎഇയിലും ഒമാനിലുമായി നടന്ന ലോകകപ്പിലെ മത്സരങ്ങള്‍ നിയന്ത്രിച്ച അതേ അംപയര്‍മാരാണ് ഇക്കുറിയും ലോകകപ്പിലുള്ളത്. അതേസമയം ടി20 ലോകകപ്പ് ചരിത്രത്തില്‍ എട്ടാതവണയും രഞ്ജന്‍ മധുഗല്ലെ മാച്ച് റഫറിയാവും. ഡേവിഡ് ബൂണ്‍, ക്രിസ്റ്റഫര്‍ ബ്രോഡ്, ആന്‍ഡ്രൂ സൈക്രോഫ്റ്റ് എന്നിവരാണ് മറ്റ് മാച്ച് റഫറിമാര്‍. പോള്‍ റീഫലും എരാസ്‌മസുമായിരിക്കും ടെലിവിഷന്‍ അംപയര്‍മാര്‍. എരാസ്‌മസിനും ടക്കറിനും അലീം ദാറിനും ഏഴാം പുരുഷ ടി20 ലോകകപ്പാണിത്.

 

Top