ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ് സ്‌ക്വാഡ് പ്രഖ്യാപിച്ചു

ടി20 ലോകകപ്പിന് കെയ്‌ന്‍ വില്യംസണിന്‍റെ നായകത്വത്തില്‍ ശക്തമായ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്. മുപ്പത്തിയഞ്ച് വയസുകാരനായ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഏഴാം ടി20 ലോകകപ്പ് കളിക്കുന്നതും ഫിന്‍ അലനും മൈക്കല്‍ ബ്രേസ്‌വെല്ലും ആദ്യമായി സീനിയര്‍ ലോകകപ്പ് ടീമില്‍ ഇടംനേടിയതുമാണ് ശ്രദ്ധേയം. ഇരുവരും മാത്രമാണ് യുഎഇയില്‍ കഴിഞ്ഞ ടി20 ലോകകപ്പ് കളിച്ച ടീമില്‍ നിന്ന് ഇക്കുറിയുള്ള പുതുമുഖങ്ങള്‍.

ഏഴാം ടി20 ലോകകപ്പ് കളിക്കുന്ന മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ടീം പ്രഖ്യാപനവേളയില്‍ പരിശീലകന്‍ ഗാരി സ്റ്റെഡ് അഭിനന്ദിച്ചു. പേസര്‍ ആദം മില്‍നെ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ ലോകകപ്പിലും അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും ഗ്ലൗസണിഞ്ഞ ദേവോണ്‍ കോണ്‍വേയാണ് വിക്കറ്റ് കീപ്പര്‍. പരിക്കേറ്റ ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണെ സ്‌ക്വാഡിലേക്ക് പരിഗണിച്ചില്ല. അതേസമയം ടോസ് ആസിലിനും ടിം സൈഫര്‍ട്ടിനും സ്ഥാനം ലഭിച്ചില്ല.

ന്യൂസിലന്‍ഡ് ടി20 ലോകകപ്പ് സ്‌ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ട്രെന്‍ഡ് ബോള്‍ട്ട്, മൈക്കല്‍ ബ്രേസ്‌വെല്‍, മാര്‍ക് ചാപ്‌മാന്‍, ദേവോണ്‍ കേണ്‍വേ(വിക്കറ്റ് കീപ്പര്‍), ലോക്കീ ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്‍റ്‌നര്‍, ഇഷ് സോഥി, ടിം സൗത്തി.

Top