ടി-20 ലോകകപ്പ്; ടീമില്‍ മാറ്റം വരുത്താന്‍ അഞ്ച് ദിവസം കൂടി സമയമെന്ന് റിപ്പോര്‍ട്ട്

ടി-20 ലോകകപ്പ് ടീമില്‍ മാറ്റം വരുത്താന്‍ അഞ്ച് ദിവസം കൂടി സമയമെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍ 12 ടീമുകള്‍ക്കാണ് ഒക്ടോബര്‍ 15 വരെ ഐസിസി സമയം നീട്ടി നല്‍കിയത്. ലോകകപ്പ് ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തിയതി ഒക്ടോബര്‍ 10 ആയിരുന്നു എന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ ഇത് യോഗ്യതാ ഘട്ടം കളിക്കുന്ന ടീമുകള്‍ക്കായിരുന്നു എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ ഐപിഎല്‍ ഫൈനലിനോടനുബന്ധിച്ച് ഇന്ത്യയുടെ പുതുക്കിയ ടീം പ്രഖ്യാപിച്ചേക്കും. പ്രമുഖ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ നിന്ന് പുറത്തായേക്കുമെന്നതാണ് വിവരം. ഐപിഎലില്‍ ഇതുവരെ ഒരു പന്ത് പോലും എറിഞ്ഞിട്ടില്ലാത്ത ഹര്‍ദ്ദിക് ബാറ്റ് കൊണ്ടും എടുത്തുപറയത്തക്ക പ്രകടനങ്ങളൊന്നും രണ്ടാം പാദത്തില്‍ നടത്തിയിട്ടില്ല. ഹര്‍ദ്ദിക്കിനു പകരം സമീപകാത്ത് ഏറെ പുരോഗതി കൈവരിച്ച ഷര്‍ദ്ദുല്‍ താക്കൂര്‍ ടീമിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ ശര്‍ദ്ദുലിന് ഐപിഎലില്‍ ബാറ്റ് ചെയ്യാന്‍ ഏറെ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും ടെസ്റ്റ് മത്സരങ്ങളില്‍ നടത്തിയ മികച്ച പ്രകടനം താരത്തിനു ഗുണം ചെയ്‌തേക്കും. നിലവില്‍ റിസര്‍വ് നിരയിലാണ് ശര്‍ദ്ദുല്‍.

 

Top