ടി20 ലോകകപ്പ്: ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക്

മുംബൈ: ഐസിസി ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയില്‍ നിന്നാണ് യാത്ര തിരിച്ചത്. ഒക്ടോബര്‍ 16 -ന് യോഗ്യത മത്സരത്തോടെ ആരംഭിക്കുന്ന ലോകകപ്പിന്റെ സൂപ്പര്‍ 12 മത്സരങ്ങള്‍ 22-ന് ആണ് തുടങ്ങുക. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടബോര്‍ 23ന്  പാകിസ്താനുമായിട്ടാണ്.

ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് രണ്ടാഴ്ച മുമ്പേ ഇന്ത്യന്‍ ടീം യാത്രയായത്. ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ പകുതിയോളം പേര്‍ ഓസ്‌ട്രേലിയയില്‍ മുമ്പ് കളിച്ച് പരിചയമില്ലാത്തവരാണ്.

ആദ്യ ആഴ്ച പെര്‍ത്തില്‍ ക്യാമ്പ് ചെയ്തായിരിക്കും ഇന്ത്യയുടെ പരിശീലനം. ശേഷം ബ്രിസ്ബണിലേക്ക് പോകും. അവിടെ വെച്ച് ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്‌ട്രേലിയമായും നിലവിലെ റണ്ണറപ്പായ ന്യൂസിലന്‍ഡുമായും പരിശീലന മത്സരങ്ങളുണ്ട്. ഒക്ടോബര്‍ 17,19 തിയതികളിലായിട്ടാണ് ഈ മത്സരങ്ങള്‍.

 

Top