ടി20 ലോകകപ്പ്; രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ ഓസ്‌ട്രേലിയയെ നേരിടും

ദുബായ്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാമത്തേയും അവസാനത്തേയും സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ ഓസ്‌ട്രേലിയയെ നേരിടും. ഐസിസി അക്കാദമി ഗ്രൗണ്ടില്‍ വൈകീട്ട് 3.30നാണ് മത്സരം. ടൂര്‍ണമെന്റിന് മുന്നോടിയായി ബാറ്റിങ് ഓര്‍ഡര്‍ അന്തിമമാക്കാനായിരിക്കും ഓസീസിനെതിരെ ഇന്ത്യന്‍ സംഘം ശ്രമം നടത്തുക.

രോഹിത്തിനൊപ്പം ഓപ്പണറായി കെഎല്‍ രാഹുലെത്തുമെന്നും മൂന്നാം നമ്പറിലാവും താന്‍ ബാറ്റിങ്ങിനിറങ്ങുകയെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മ ഓസീസിനെതിരായ മത്സരത്തിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന് പകരം റിഷഭ് പന്തിന് പ്രമോഷന്‍ ലഭിച്ചിരുന്നു.

ഇതോടെ ബാറ്റിങ് ഓര്‍ഡറില്‍ ഇരുവരുടേയും സ്ഥാനം എവിടെയാണെന്ന് മത്സരത്തോടെ വ്യക്തമാവുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിനെതിരെ പന്തെറിയാതിരുന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ബാറ്ററായി മാത്രം ഉള്‍പ്പെടുത്തുമോയെന്നതാണ് പ്രധാന സംസാര വിഷയം.

പാണ്ഡ്യ പന്തെറിയാതിരുന്നാല്‍ ആറാമതൊരു ബൗളിങ് ഓപ്ഷനാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെടുക. കഴിഞ്ഞ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയെങ്കിലും ജസ്പ്രീത് ബുംറ മികച്ച പ്രകടനമാണ് നടത്തിയത്. ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും കൂടുതല്‍ റണ്‍സ് വഴങ്ങിയിരുന്നു.

പ്രധാന മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നേ രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരും ഓസീസിനെതിരായ ടീമില്‍ ഇടം കാത്തിരിക്കുന്നുണ്ട്.

 

Top