ടി20 ലോകകപ്പ്, ഇന്ത്യ – പാക് മത്സരം പുനഃപരിശോധിക്കണം: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് ടി20 ലോകകപ്പ് മത്സരം നടത്തുന്നത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ജമ്മു കശ്മീരില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മത്സരം നടത്തണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഒക്‌ടോബര്‍ 24നാണ് ചിരവൈരികളുടെ പോരാട്ടം.

‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം നല്ലതല്ലെങ്കില്‍ ഇത് പുനഃപരിശോധിക്കേണ്ടതാണെന്ന് ഞാന്‍ കരുതുന്നു’ – ഗിരിരാജ് സിങ് പറഞ്ഞു. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ലഖിംപൂര്‍ ഖേരിയില്‍ നടത്തിയ കര്‍ഷക കൊലപാതകത്തില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് രാജസ്ഥാനില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ മൗനം പാലിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ജമ്മു കശ്മീരില്‍ തദ്ദേശവാസികളല്ലാത്ത തൊഴിലാളികള്‍ക്ക് നേരെ ഞായറാഴ്ച വീണ്ടും ആക്രമണമുണ്ടായിരുന്നു. കുല്‍ഗാമിലെ വാന്‍പോ മേഖലയിലാണ് ബിഹാര്‍ സ്വദേശികളായ രണ്ടുപേരെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുല്‍വാമയിലും ശ്രീനഗറിലും സമാന സംഭവം നടന്നിരുന്നു.

 

 

Top