ടി-20 ലോകകപ്പ്; ഇന്ത്യ-പാകിസ്താന്‍ മത്സരം ഒക്ടോബര്‍ 24ന്

ടി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം ഒക്ടോബര്‍ 24നു നടക്കും. ദുബായ് ആവും വേദി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലോകകപ്പുകളില്‍ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്താനു കഴിഞ്ഞിട്ടില്ല. മുന്‍പ് 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം.

ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയെയും പാകിസ്തനെയും കൂടാതെ ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

എട്ടു ടീമുകളാണ് സൂപ്പര്‍ 12ലേക്കു യോഗ്യത നേടിയിരിക്കുന്നത്. ശേഷിച്ച നാലു ടീമുകള്‍ യോഗ്യതാ റൗണ്ട് കടന്നായിരിക്കും സൂപ്പര്‍ 12ലേക്കു എത്തുക. യോഗ്യതാ റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളുണ്ട്. ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, നമീബിയ എന്നിവരും ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്ട്ലാന്‍ഡ്, പപ്പുവ ന്യുഗ്വിനിയ, ഒമാന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലും മാറ്റുരയ്ക്കും.

 

Top