ട്വന്റി-20 ലോകകപ്പ് മാറ്റിവെയ്ക്കാന്‍ സാധ്യത; നിര്‍ണായക പ്രഖ്യാപനം അടുത്ത ആഴ്ച

ദുബായ്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ട്വന്റി-20 ലോകകപ്പ് മാറ്റിവെയ്ക്കാന്‍ സാധ്യത. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച്ച ഉണ്ടായേക്കും. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ലോകകപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ലോകകപ്പിന് തൊട്ടുപിന്നാലെ ഏപ്രിലില്‍ അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെ
ടി20 ക്രിക്കറ്റിന്റെ ആധിക്യം കാണികളെ അകറ്റുമെന്ന ആശങ്ക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിനുണ്ട്. മാത്രമല്ല ഇത് അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തേയും ബാധിക്കും.

ഐസിസി മത്സരങ്ങളുടെയും ഇന്ത്യയുടെ മത്സരങ്ങളുടെയും ഐപിഎല്ലിന്റെയും ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ്. അതുകൊണ്ടുതന്നെ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ടി20 ലോകകപ്പ് നടത്തുന്നതിനെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് അനുകൂലിക്കുന്നില്ലെന്നാണ് സൂചന.

ഇന്ത്യയില്‍ നടക്കേണ്ട 2021-ലെ ട്വന്റി-20 ലോകകപ്പ് ഓസ്‌ട്രേലിയക്ക് നല്‍കുകയും പകരം 2022-ല്‍ ഇന്ത്യയില്‍ ട്വന്റി-20 ലോകകപ്പ് നടത്തുക എന്നതുമാണ് മറ്റൊരു സാധ്യത. എന്നാല്‍ ഇതിനെതിരെ ബിസിസിഐയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട്.

ഈ വര്‍ഷത്തെ ട്വന്റി-20 ലോകകപ്പ് 2022-ല്‍ ഓസ്‌ട്രേലിയയില്‍ നടത്തുക എന്നതാണ് മറ്റൊരു വഴി. 2022ല്‍ ഐിസിസി ടൂര്‍ണമെന്റുകളൊന്നുമില്ലാത്തതിനാല്‍ ഇത് സാധ്യമാണെന്നാണ് വിലയിരുത്തല്‍. എന്തായാലും ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യത വിദൂരമാണ്. ഐസിസി ബോര്‍ഡ് യോഗം ചേര്‍ന്നശേഷമായിരിക്കും ലോകകപ്പ് മാറ്റിവെച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

Top