ടി20 ലോകകപ്പ്; ഇന്ത്യയ്‌ക്കെതിരെ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ആവര്‍ത്തിക്കുമെന്ന് ഹസന്‍ അലി

ന്യൂഡല്‍ഹി: നടക്കാനിരിക്കുന്ന ഐസിസി ടി 20 ലോക കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ആവര്‍ത്തിക്കുമെന്ന് പാക് പേസര്‍ ഹസന്‍ അലി. ‘2017ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍, ഞങ്ങള്‍ക്ക് അത് വളരെ നല്ല സമയമായിരുന്നു, ടി20 ലോക കപ്പില്‍ അവരെ വീണ്ടും തോല്‍പ്പിക്കാന്‍ ശ്രമിക്കും. മത്സരത്തില്‍ ഞങ്ങളുടെ മികച്ചത് നല്‍കും.

ഇരുരാജ്യത്ത് നിന്നുമുള്ള ആരാധകരുടെ പ്രതീക്ഷകള്‍ മൂലം ഇന്ത്യയ്‌ക്കെതിരെ കളിക്കുകയെന്നത് വളരെയധികം സമ്മര്‍ദമേറിയ കാര്യമാണ്. ഏത് വിധേനയും മത്സരം വിജയിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. യുഎഇയിലെ പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുന്നതാണ്. എന്നാല്‍ വ്യത്യാസങ്ങളോടെ പന്തെറിയുന്ന ഒരു ഫാസ്റ്റ് ബൗളര്‍ എപ്പോഴും ഫലപ്രദമാവുകയും ചെയ്യും” ഹസന്‍ അലി പറഞ്ഞു.

2017ല്‍ ലണ്ടനില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ ഞെട്ടിച്ച് പാകിസ്ഥാന്‍ കിരീടം നേടിയിരുന്നു. അന്ന് ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരന്‍ കൂടിയാണ് ഹസന്‍ അലി. എന്നാല്‍ തുടര്‍ന്ന് നടന്ന 2018ലെ ഏഷ്യാ കപ്പിലും 2019ലെ ലോകകപ്പിലും പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റിരുന്നു.

അതേസമയം ലോക കപ്പ് ചരിത്രത്തില്‍ പാക്കിസ്ഥാന് ഇതേവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണയും ടി20 ലോകകപ്പില്‍ അഞ്ച് തവണയുമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതില്‍ എല്ലാ മത്സരത്തിലും സമ്പൂര്‍ണ ആധിപത്യം ഇന്ത്യക്കായിരുന്നു. ഒക്ടോബര്‍ 17 മുതല്‍ക്ക് നവംബര്‍ 14 വരെ ഒമാന്‍, ദുബായ് എന്നിവിടങ്ങളിലായാണ് ടി20 ലോക കപ്പ് നടക്കുക. ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് മത്സരം. ഗ്രൂപ്പ് രണ്ടിന്റെ ഭാഗമായ മത്സരം ദുബായിലാണ് നടക്കുക.

 

Top