ടി20 ലോകകപ്പ്; ന്യൂസിലാന്‍ഡിനെതിരെ തോല്‍വി, ഇന്ത്യയുടെ ലോകകപ്പ് ഭാവി തുലാസില്‍

ദുബായ്: ലോകകപ്പ് ടി20യിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡിന് ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യയെ കിവികള്‍ തോല്‍പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 111 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്‍ഡ് 14.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. തോല്‍വിയോടെ ഇന്ത്യയുടെ ലോകകപ്പിലെ ഭാവി തുലാസിലായി.

ജയത്തോടെ ന്യൂസിലാന്‍ഡ് സെമി പ്രവേശന സാദ്ധ്യത നിലനിറുത്തി. ഇന്ത്യക്കെതിരെ മികച്ച വിജയം ലക്ഷ്യമാക്കി മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്റിന് മാര്‍ട്ടിന്‍ ഗപ്തിലിന്റെ (20) വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. ബുംറയുടെ പന്തില്‍ താക്കൂറിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് അവസാന ഓവറില്‍ ജഡേജ നേടിയ 11 റണ്‍സ് കൊണ്ട് 100 റണ്‍സ് കടക്കാനായി. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് ഇന്ത്യ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി പുറത്താകാതെ നിന്ന ജഡേജ (19 പന്തുകളില്‍ 26 റണ്‍സ്), ഹാര്‍ദ്ദിക് പാണ്ഡ്യ (23) എന്നിവരാണ് പിടിച്ചുനിന്നത്. മുന്‍നിര ബാറ്റ്‌സ്മാന്മാരെല്ലാം കൂറ്റനടികള്‍ക്ക് ശ്രമിച്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് ഇന്ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ കണ്ടത്.

കളി ആരംഭിച്ച് വൈകാതെ ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കി കിഷന്‍(4) വേഗം മടങ്ങി. ആറാം ഓവറില്‍ മറ്റൊരു ഓപ്പണര്‍ രാഹുല്‍(18) പുറത്തായി. തുടര്‍ന്ന് വണ്‍ ഡൗണായി ഇറങ്ങിയ രോഹിത് ശര്‍മ്മ(14) എട്ടാം ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. പിന്നാലെ ക്യാപ്റ്റന്‍ കൊഹ്‌ലി(9), പന്ത്(12) എന്നിവരും പുറത്തായി. ഒരറ്റത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ (23), ധാക്കൂര്‍(0) എന്നിവര്‍ പിന്നാലെ മടങ്ങി. ജഡേജ (26),ഷമി(0)എന്നിവര്‍ പുറത്താകാതെ നിന്നു.

ന്യൂസിലാന്റിന് വേണ്ടി നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി ട്രെന്‍ഡ് ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ നേടി. പിറന്നാള്‍കാരന്‍ ഇഷ് സോധി നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. നേരത്തെ ടോസ് നേടിയ ന്യൂസിലാന്റ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. സൂര്യകുമാര്‍ യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഇന്ന് അന്തിമ ഇലവനില്‍ നിന്ന് പുറത്തായി. പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍, ഓള്‍ റൗണ്ടര്‍ ശാര്‍ദ്ദൂല്‍ ധാക്കൂര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.

ഇന്നത്തെ മത്സരം ഇന്ത്യയ്ക്കും ന്യൂസിലാന്റിനും നിര്‍ണായകമാണ് കിഷനും കെ.എല്‍ രാഹുലുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ന്യൂസിലാന്റ് ടീമില്‍ കീപ്പര്‍ സീഫര്‍ട്ടിന് പകരം കോണ്‍വെ വിക്കറ്റ് കീപ്പറാകും.ആദം മില്‍നെയാണ് സീഫര്‍ട്ടിന് പകരം അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടത്.

Top