ടി20 ലോകകപ്പ്: നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് ടോസ്

സിഡ്നി: ടി20 ലോകകപ്പിൽ സൂപ്പർ 12വിലെ രണ്ടാം പോരാട്ടത്തിൽ നെതർലൻഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. മഴ മൂലം ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരം വൈകിയതിനാൽ ഇതേ ഗ്രൗണ്ടിൽ നടക്കുന്ന ഇന്ത്യ-നെതർലൻഡ്സ് മത്സരത്തിൻറെ ടോസ് വൈകിയിരുന്നു.

പാക്കിസ്ഥാനെതിരെ ആദ്യ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇടം കൈയൻ സ്പിന്നർ അക്സർ പട്ടേലിന് പകരം ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലും ഹാർദ്ദിക് പാണ്ഡ്യക്ക് പകരം ദീപക് ഹൂഡയും ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്തും അന്തിമ ഇളവനിൽ ഇടം നേടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ആദ്യ മത്സരം ജയിച്ച ടീമിൽ മാറ്റങ്ങളൊന്നും വരുത്താൻ ടീം മാനേജ്മെൻറ് തയാറായില്ല. ബംഗ്ലാദേശിനെതിരെ ആദ്യ മത്സരം തോറ്റ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് നെതർലൻഡ്സും ഇറങ്ങുന്നത്. ടി20 ലോകകപ്പിൽ ഇതാദ്യമായാണ് ഇന്ത്യയും നെതർലൻഡ്സും നേർക്കുനേർ പോരാട്ടം വരുന്നത്.

Top