ടി 20 ലോകകപ്പിൽ നാളെ മുതൽ സൂപ്പർ 12 പോരാട്ടങ്ങൾ; ആദ്യ മാച്ചിൽ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയക്കെതിരെ

അബുദാബി : ടി20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് നാളെ തുടക്കം. ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്ന് അവസാനിക്കുമ്പോള്‍ നിലവില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ശ്രീലങ്കയും ഗ്രൂപ്പ് ബിയില്‍ നിന്ന് സ്‌കോട്‌ലന്‍ഡും ബംഗ്ലാദേശും യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് എയില്‍ ഇന്ന് നടക്കുന്ന അയര്‍ലന്‍ഡ്-നമീബിയ മത്സരത്തിലെ വിജയികള്‍ സൂപ്പര്‍ 12-ലേക്ക് യോഗ്യത നേടും.

നിലവില്‍ ഗ്രൂപ്പ് ഒന്നില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ നേരത്തെതന്നെ യോഗ്യത നേടിയിരുന്നു. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞു വന്ന ബംഗ്ലാദേശും ഈ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ് എന്നിവരാണുള്ളത്. ഇന്നത്തെ ഗ്രൂപ്പ് മത്സരങ്ങള്‍ കഴിയുമ്പോള്‍ ശ്രീലങ്കയും അയര്‍ലന്‍ഡ്-നമീബിയ മത്സരത്തിലെ വിജയിയും ഓരോ ഗ്രൂപ്പിലും കയറും.

നാളെ സൂപ്പര്‍ 12-ല്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. അബുദാബി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 3.30-ന് ആണ് മത്സരം. നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പുകളായ ഇംഗ്ലണ്ടിനെ നേരിടും. 2016 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് വെസ്റ്റിന്‍ഡീസ് ലോക കിരീടം ചൂടിയത്. ഫൈനല്‍ ഓവറിലെ കാര്‍ലോസ് ബ്രാത്ത്വെയിറ്റിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്.

Top