ത്രിരാഷ്ട്ര ട്വന്റി- 20; ചരിത്രവിജയവുമായി സിങ്കപ്പൂര്‍

സിങ്കപ്പൂര്‍: ത്രിരാഷ്ട്ര ട്വന്റി- 20 പരമ്പരയില്‍ ചരിത്രവിജയവുമായി സിങ്കപ്പൂര്‍. ഒരു ഐ.സി.സി. ഫുള്‍ മെമ്പര്‍ രാജ്യത്തിനെതിരേ സിങ്കപ്പൂര്‍ ടീം നേടുന്ന ആദ്യ വിജയം കൂടിയാണിത്. സിംബാബ്വെയെ നാലു റണ്‍സുകള്‍ക്കാണ് സിങ്കപ്പൂര്‍ തോല്‍പിച്ചത്. ലോക ട്വന്റി- 20 റാങ്കിങ്ങില്‍ പതിനൊന്നാം സ്ഥാനത്താണ് സിംബാബ്വെ.

ആദ്യം ബാറ്റ് ചെയ്ത സിങ്കപ്പൂര്‍ പതിനെട്ട് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 41 റണ്‍സ് വീതം നേടിയ മന്‍പ്രീത് സിങ്ങും ടിം ഡേവിഡുമായിരുന്നു ടോപ് സ്‌കോറര്‍മാര്‍. ഓപ്പണര്‍ രോഹന്‍ രംഗരാജന്‍ 39 ഉം സുരേന്ദ്രന്‍ ചന്ദ്രമോഹന്‍ 23 ഉം റണ്‍സെടുത്തു. സിംബാബ്വെയ്ക്കുവേണ്ടി റയാന്‍ ബേള്‍ മൂന്നും റിച്ചാര്‍ഡ് എന്‍ഗ്രാവ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

സിംബാബ്വെയ്ക്ക് 18 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് മാത്രമാണ് നേടായത്. 35 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷോണ്‍ വില്ല്യംസാണ് ടോപ് സ്‌കോറര്‍. ഒരുവേള മൂന്നിന് 104 റണ്‍സ് എന്ന നിലയില്‍ ജയം ഉറപ്പിച്ചിരുന്ന സിംബാബ്വെ ടീം വില്ല്യംസണ്‍ വീണതോടെയാണ് തകര്‍ന്നത്. ഓപ്പണര്‍ റഗസ് ചകാബ്വ 48 ഉം ടിനോടെന്‍ഡ മുതോംബോഡ്സി 32 ഉം റണ്‍സെടുത്തു. സിങ്കപ്പൂരിനുവേണ്ടി അംജദ് മഹബൂബും ജനക് പ്രകാശും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കഴിഞ്ഞ ദിവസം നേപ്പാളിനോടേറ്റ തോല്‍വിയില്‍ നിന്നുള്ള വന്‍ തിരിച്ചുവരവു കൂടിയായി സിങ്കപ്പൂരിന് ഈ വിജയം. ആകെ ആറു മത്സരങ്ങളുള്ള ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്വെ നേപ്പാളിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ നേപ്പാള്‍ സിങ്കപ്പൂരിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്തു. നേപ്പാളും സിംബാബ്വെയും തമ്മിലാണ് അടുത്ത മത്സരം.

Top