ബംഗ്ലാദേശിനെതിരായ ടി20 പരമ്പര; ഇന്ത്യൻ വനിതകൾക്ക് വീണ്ടും ബാറ്റിംഗ് തകർച്ച

ടോസിലെ ഭാഗ്യം ഇന്ത്യയെ ബാറ്റിംഗിൽ തുണച്ചില്ല. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് വീണ്ടും ബാറ്റിംഗ് തകർച്ച. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മാത്രം ബാറ്റിംഗിൽ തിളങ്ങിയ മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുത്തു. 41 പന്തിൽ 40 റൺസെടുത്ത ഹർമൻപ്രീതാണ് ഇന്ത്യയുടെ ടോപ് സ്കോറർ. സ്പിൻ പിച്ചിൽ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയെ രണ്ടാം ഓവറിൽ തന്നെ നഷ്ടമായ ഇന്ത്യക്ക് നാലാം ഓവറിൽ ഷഫാലി വർമയെയും നഷ്ടമായി. ഇതോടെ 20-2ലേക്ക് വീണ ഇന്ത്യ വീണ്ടുമൊരു ബാറ്റിംഗ് തകർച്ചയിലേക്കെന്ന് തോന്നിച്ചെങ്കിലും ജെമീമ റോഡ്രിഗസിനൊപ്പം 45 റൺസിൻറെ കൂട്ടുകെട്ടിലൂടെ ഹർമൻ ഇന്ത്യയെ 50 കടത്തി.

ജെമീമയെ ഷൊർണ അക്തർ പുറത്താക്കിയശേഷം ക്രീസിലിെത്തിയ യാസ്തിക ഭാട്ടിയ ഹർമനൊപ്പം പിടിച്ചു നിന്നെങ്കിലും അവസാന ഓവറുകളിൽ തകർത്തടിക്കാമെന്ന ഇന്ത്യൻ പദ്ധതി പാളി. പതിനേഴാം ഓവറിൽ ഹർമനും തൊട്ടടുത്ത ഓവറിൽ യാസ്തിക ഭാട്ടിയയും പുറത്തായതോടെ ഇന്ത്യൻ സ്കോർ റൺസിലൊതുങ്ങി. പതിനാറാം ഓവറിൽ 90 റൺസിലെത്തിയ ഇന്ത്യക്ക് അവസാന നാലോവറിൽ ആറ് വിക്കറ്റ് നഷ്ടമാക്കി നേടാനായത് 12 റൺസ് മാത്രമാണ്. പത്തൊമ്പതാം ഓവറിൽ ക്രീസിലെത്തിയ മിന്നുമണി രണ്ട് പന്തിൽ ഒരു റണ്ണെടുത്തെങ്കിലും അവസാന ഓവറിൽ പുറത്തായി. തുടർച്ചയായ മൂന്നാം മത്സരത്തിലും മലയാളി താരം മിന്നുമണിക്ക് പ്ലേയിംഗ് ഇലവനിൽ അവസരം കിട്ടി. ആദ്യ മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്ത്തിയ മിന്നുമണി രണ്ടാം മത്സരത്തിൽ രണ്ട് വിക്കറ്റും നാലു റൺസും നേടിയിരുന്നു.

Top