തുടക്കത്തില്‍ തന്നെ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; 5 വിക്കറ്റുകള്‍ നഷ്ടം

തിരുവനന്തപുരം:ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. പത്തു റൺസ് എടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ എട്ടുപന്തിനിടെ ഓപ്പണർമാരായ ക്വിറ്റൺ ഡിക്കോക്കും ടെംബ ബൗമയും പുറത്തായി.

ക്യാപ്റ്റൻ ടെംബയെ ചാഹർ ക്ലീൻബൗൾഡാക്കുകയായിരുന്നു. അർഷ്ദീപ് സിങ്ങിനാണ് ഡിക്കോക്കിന്റെ വിക്കറ്റ്. ഡേവിഡ് മില്ലർ, റിലീ റോസോവ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. മൂന്ന് വിക്കറ്റ് നേട്ടവുമായി അർഷ്ദീപ് സിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂടുതൽ ആഘാതം സൃഷ്ടിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡി​ങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ച ടീമിൽ നിന്ന് നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്.

രോഹിത് ശർമ നേതൃത്വം നൽകുന്ന ടീമിൽ ജസ്പ്രീത് ബുംറയും യൂസ്വേന്ദ്ര ചാഹലും ഹാർദിക്ക് പാണ്ഡ്യയും ഭുവനേശ്വറും ഇല്ല. ഋഷഭ് പന്ത്, അർഷ്ദീപ് സിങ്, ദീപക് ചാഹർ, രവിചന്ദ്ര അശ്വിൻ എന്നിവർ ടീമിലിടം നേടി.ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും സംഘവും.

Top