കൊഹ്‌ലിയും ക്രുനാലും കാത്തു; ട്വന്റി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം

സിഡ്‌നി: ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി കളം നിറഞ്ഞ പാണ്ഡ്യയുടെയും 19ാം അര്‍ധസെഞ്ചുറി നേടിയ കൊഹ്‌ലിയുടെയും മികവില്‍ മൂന്നാം ട്വന്റി20 പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ആറു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തറ പറ്റിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍, രണ്ടു പന്തു ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.

ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി 41 പന്തില്‍ 61 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു ബൗണ്ടറിയും രണ്ടു സിക്‌സും അടങ്ങുന്നതാണ് കോഹ്‌ലിയുടെ ഇന്നിങ്‌സ്. ദിനേഷ് കാര്‍ത്തിക് 18 പന്തില്‍ ഒരു ബൗണ്ടറിയും സിക്‌സും സഹിതം 22 റണ്‍സുമായി കൊഹ്‌ലിക്കു തുണ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ കൊഹ്‌ലി-കാര്‍ത്തിക് സഖ്യം 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (22 പന്തില്‍ 41), രോഹിത് ശര്‍മ (16 പന്തില്‍ 23), ലോകേഷ് രാഹുല്‍ (20 പന്തില്‍ 14), ഋഷഭ് പന്ത് (പൂജ്യം) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. തകര്‍ത്തടിച്ചു മുന്നേറുകയായിരുന്ന ഇന്ത്യയ്ക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് ബോള്‍ ചെയ്ത ആറാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 22 പന്തില്‍ ആറു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 41 റണ്‍സെടുത്ത ധവാനെ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുരുക്കി.

Top