വിഴിഞ്ഞത്ത് കൂട്ട അറസ്റ്റിന് പൊലീസ്; 1000 ഓളം പേരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ കൂട്ട അറസ്റ്റിന് പൊലീസ് തയ്യാറെടുക്കുന്നു. സംഘർഷത്തിൽ നേരിട്ട് പങ്കെടുത്ത നിരവധി പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഹൈക്കോടതിയിൽ നിന്നും നിർദേശമുണ്ടായാൽ ഉടൻ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. തയ്യാറായിരിക്കാൻ പൊലീസിന് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയതായാണ് സൂചന.

സംഘർഷവുമായി ബന്ധപ്പെട്ട് 170 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിൽ പുതിയ കേസ് കൂടി എടുത്തു. ആക്രമണത്തിന് ഇരയായ സബ് ഇൻസ്‌പെക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസെടുത്തിട്ടുള്ളത്.

പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും സംഘർഷത്തിലും ആയിരത്തോളം പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. സ്ത്രീകൾ ഉൾപ്പെടെ സമരത്തിലുണ്ടായിരുന്നവരുടെ മേൽവിലാസം അടക്കമുള്ള പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. വിഴിഞ്ഞം സ്‌പെഷൽ ഓഫീസർ ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്. ഡിസിപി ലാൽജിയുടെ നേതൃത്വത്തിൽ ക്രൈം കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

എസ്പിമാർ, ഡിവൈഎസ്പിമാർ ഇൻസ്‌പെക്ടർമാർ എസ്‌ഐമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിലുള്ളത്. വിഴിഞ്ഞത്ത് പൊലീസ് പ്രത്യേക കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ ഓരോ ദിവസവും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നുണ്ട്.

Top