ഔദ്യോഗിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറെന്ന് സർക്കാരിനു സെൻകുമാറിന്റെ കത്ത്

senkumar

തിരുവനന്തപുരം: താൻ ഏത് ഔദ്യോഗിക ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയാറാണെന്നറിയിച്ചു മുൻ ഡിജിപി: ടി.പി.സെൻകുമാർ സർക്കാരിനു കത്ത് നൽകി.

സർവീസിൽ നിന്നു വിരമിച്ചുകഴിഞ്ഞാൽ, പുതിയ സർക്കാർപദവികളിൽ ജോലി ചെയ്യണമെങ്കിൽ ഇത്തരത്തിൽ സമ്മതപത്രം നൽകണമെന്ന വ്യവസ്ഥ പാലിച്ചാണ് ഇത്.

ഭരണ പരിഷ്കാര പ്രിൻസിപ്പൽ സെക്രട്ടറിക്കു നൽകിയ കത്ത്, അദ്ദേഹം ചീഫ് സെക്രട്ടറിക്കു കൈമാറി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി സെൻകുമാറിനെ നിയമിക്കാനുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ ശുപാർശ, വിയോജിപ്പും എതിർ പരാമർശങ്ങൾ ഉൾപ്പെടുത്തിയും ആണെങ്കിലും സർക്കാർ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. ഈ പട്ടിക റദ്ദാക്കണമെന്നും പുതിയതായി തിരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കണമെന്നും ഒപ്പം കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതു കേന്ദ്രസർക്കാരാണ്.

സെൻകുമാറിനെ നിയമിച്ചുള്ള ഉത്തരവ് ഉണ്ടായാൽ ഇത്തരത്തിൽ സമ്മതപത്രം ആവശ്യമാണെന്നതിനാലാണ് അദ്ദേഹം കത്ത് നൽകിയത്.

അതേസമയം പുതിയ ഉത്തരവാദിത്തം ഒന്നും തൽക്കാലം ഏറ്റെടുക്കുന്നില്ലെന്നാണു സംസ്ഥാന പൊലീസ് മേധാവി പദവിയിൽ നിന്നു വിരമിച്ച അവസരത്തിൽ സെൻകുമാർ മാധ്യമപ്രവർത്തകരോടു പറഞ്ഞത്.

Top