T P Senkumar got Phd

തിരുവനന്തപുരം : ഡി .ജി .പി ടി .പി സെന്‍കുമാര്‍ ഇന്നലെ വീണ്ടുമൊരു പരീക്ഷ നേരിട്ടു. കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസിലെ ഇക്കണോമിക്‌സ് വിഭാഗമായിരുന്നു പരീക്ഷാകേന്ദ്രം . റോഡ് സുരക്ഷയെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് ഓപ്പണ്‍ഡിഫന്‍സ് നേരിടുകയായിരുന്നു സെന്‍കുമാര്‍ .

‘റോഡ് ആക്‌സിഡന്റ്‌സ് ഇന്‍ കേരള സോഷ്യല്‍ , ഇക്കണോമിക് കണ്‍സേണ്‍’ ആയിരുന്നു വിഷയം .പ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ദ്ധന്‍ പ്രൊഫ. എം. എ ഉമ്മന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം .

ഇക്കണോമിക്‌സ് വകുപ്പ് മേധാവി ഡോ. മഞ്ജു എസ്.നായരുടെ നേതൃത്വത്തില്‍ അദ്ധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളുമടക്കം നൂറിലേറെ പേര്‍ക്കുമുന്നില്‍ ചോര മണക്കുന്ന കേരളത്തിലെ റോഡുകളെക്കുറിച്ച് സെന്‍കുമാര്‍ വിശദീകരിച്ചു , ഒരു അദ്ധ്യാപകനെപ്പോലെ . 1982 ല്‍ ദേശീയ തലത്തില്‍ എട്ടാം റാങ്കോടെ ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസിലും [ ഐ . ഇ . എസ് ] 1983 ല്‍ 23ാം റാങ്കോടെ ഐ . പി . എസിലുമെത്തിയ സെന്‍കുമാര്‍ അതിനുശേഷം ഒരു പരീക്ഷയെ നേരിടുന്നത് ഇന്നലെയായിരുന്നു . പ്രസന്റേഷനില്‍ സംതൃപ്തി രേഖപ്പെടുത്തിയ ഭാരതീദാസന്‍ സര്‍വകലാശാലയിലെ പ്രൊഫ . ഇ .എന്‍.പിള്ളയുടെ നേതൃത്വത്തിലുള്ള സമിതി സെന്‍കുമാറിന് പി .എച്ച് .ഡി നല്‍കാന്‍ ശുപാര്‍ശ ചെയ്തു .

തൃശൂര്‍ കാടുകുറ്റി സ്വദേശിയായ സെന്‍കുമാര്‍ നിയമബിരുദവും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട് . 2006 ല്‍ കെ .എസ് .ആര്‍ .ടി .സി മാനേജിംഗ് ഡയറക്ടറായിരുന്നപ്പോഴാണ് ഗവേഷണം തുടങ്ങിയത് . 2010 ല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായപ്പോഴും , ഇന്റലിജന്‍സ് , ജയില്‍ വിഭാഗങ്ങളിലെത്തിയിട്ടും പൊലീസ് മേധാവിയായിട്ടും സാമൂഹ്യപ്രതിബദ്ധതയുള്ള ഗവേഷണം തുടര്‍ന്നു . ഇതുതന്നെയാണ് സെന്‍കുമാറിനെ പൊലീസ് സേനയില്‍ വേറിട്ടുനിര്‍ത്തുന്നത് .

ഗവേഷണത്തിന്റെ ഭാഗമായി സെന്‍കുമാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ റോഡപകടങ്ങളുടെ നിരക്ക് ഗണ്യമായി കുറച്ചു. ഡി . ജി .പിയായ ശേഷം സെന്‍കുമാര്‍ ആദ്യംചെയ്തത് വാഹനാപകടങ്ങള്‍ തടയാനുള്ള ബോധവത്കരണം ആരംഭിക്കുകയായിരുന്നു . 50 കിലോമീറ്റര്‍ വേഗത്തിലോടുന്ന വാഹനത്തില്‍ നിന്ന് തെറിച്ചുവീഴുമ്പോഴുണ്ടാകുന്ന ആഘാതം മൂന്നുനില കെട്ടിടത്തില്‍ നിന്ന് വീഴുന്നതിന് തുല്യമാണെന്ന തിയറിയാണ് ബോധവത്കരണത്തിന് ഉപയോഗിച്ചത് . ആറുലക്ഷത്തോളം ഓട്ടോഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നുമുണ്ട് .

Top