സെന്‍കുമാറിന്റെ നിയമനത്തിലെ തീരുമാനം, ഉറ്റുനോക്കി രാജ്യത്തെ ഐ.പി.എസ് സമൂഹം

ന്യൂഡല്‍ഹി: കേരളത്തിലെ ഏറ്റവും സീനിയറായ ഐപിഎസ് ഓഫീസര്‍ സംസ്ഥാന സര്‍ക്കാറിനെതിരെ കോര്‍ട്ടലക്ഷ്യ കേസുമായി മുന്നോട്ടു പോകുമ്പോള്‍ സുപ്രീം കോടതി വിധിയെ ഉറ്റുനോക്കി രാജ്യത്തെ പൊലീസ് സേന.

സംസ്ഥാന സര്‍ക്കാറിനെതിരെ പൊരുതാന്‍ നിശ്ചയിച്ച സെന്‍കുമാറാണ് ഇപ്പോള്‍ രാജ്യത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ഹീറോ.

രണ്ടു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് മതിയായ കാരണമില്ലാതെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാറുകള്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരെ മാറ്റാനും പുതിയവരെ നിയമിക്കാനും ഈ നിര്‍ദ്ദേശം പാലിക്കാത്ത സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്.

കര്‍ണ്ണാടകയില്‍ നിന്ന് ഉയര്‍ന്നത് പോലെ ഒറ്റപ്പെട്ട ചില എതിര്‍പ്പുകള്‍ മാത്രമാണ് മുന്‍പ് ഇക്കാര്യത്തില്‍ പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നിരുന്നത്. അതാവട്ടെ ഒടുവില്‍ സര്‍ക്കാരിന് തിരിച്ചടിയായി മാറുകയും ചെയ്തിരുന്നു.

എന്നാല്‍ തുടര്‍ന്നും ഈ രണ്ടു വര്‍ഷ ‘കാലാവധി’ പരിഗണിക്കാതെ പലയിടത്തും ഉദ്യോഗസ്ഥരെ പരക്കെ സ്ഥലം മാറ്റുന്ന സാഹചര്യം തുടരുകയാണുണ്ടായത്.

കേരളത്തില്‍ തന്നെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ജില്ലാ പൊലീസ് ചീഫായി ചാര്‍ജ്ജെടുത്ത് ആറ് മാസത്തിനുള്ളില്‍ തന്നെ അരഡസന്‍ ഐപിഎസുകാരെ സ്ഥലം മാറ്റുകയുണ്ടായി. ഒരു വര്‍ഷത്തിനിടെ നാലും അഞ്ചും തവണ മാറ്റപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.

ഇപ്പോള്‍ കണ്ണൂര്‍ മേഖലയില്‍ ക്രൈംബ്രാഞ്ച് എസ് പിയായ ഡോ.ബി.ശ്രീനിവാസാണ് ഏറ്റവും അധികം സ്ഥലമാറ്റം വാങ്ങിയ ഉദ്യോഗസ്ഥന്‍. മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നത് മാത്രമാണ് ഈ ഉദ്യോഗസ്ഥന്റെ ‘അയോഗ്യത ‘
അജിത ബീഗം, ഉമ ബഹ്‌റ, മഞ്ജുനാഥ്, രാജ്പാല്‍ മീണ തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ ഇങ്ങിനെ സ്ഥലം മാറ്റപ്പെട്ടവരില്‍ ഉള്‍പ്പെടും.

ഇപ്പോള്‍ യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാന പൊലീസ് മേധാവിയടക്കം നിരവധി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പൊലീസിലെ ‘ഉടച്ചുവാര്‍ക്കലിന് ‘ അവിടെ തുടക്കമിട്ടിട്ടുണ്ട്..

സെന്‍കുമാറിന്റെ നിയമന കാര്യത്തില്‍ അന്തിമ തീരുമാനമറിഞ്ഞ ശേഷം കോടതിയെ സമീപിക്കാന്‍ യുപിലെയടക്കം ചില ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ടെങ്കിലും ആത്യന്തികമായി അവര്‍ ആഗ്രഹിക്കുന്നത് ഈ കേസില്‍ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടല്‍ തന്നെയാണ്.

ഇതിനു പ്രധാന കാരണം സര്‍ക്കാറുകള്‍ മാറുന്ന ഘട്ടത്തിലും ഭരണകക്ഷിയുടെ കോപത്തിന് ഇരയാകുമ്പോഴും ക്രമസമാധാന ചുമതലയില്‍ നിന്നും സ്ഥലം മാറ്റപ്പെടുന്ന ബഹു ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കും ദീര്‍ഘകാലം സര്‍വ്വീസ് ഇനിയും ബാക്കി നില്‍ക്കുന്നുണ്ട് എന്നതാണ്.

അതുകൊണ്ടു തന്നെ സര്‍ക്കാറുകളുമായി ഒരു ഏറ്റുമുട്ടലിന് പോവാതെ ഒതുങ്ങികൂടുക എന്നതാണ് ഐപിഎസുകാരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരിക്കുന്ന പൊതു ‘ നയം’

അതേസമയം രണ്ട് വര്‍ഷത്തിനുള്ളില്‍ ക്രമസമാധാന ചുമതലയില്‍ നിന്നും ഉദ്യോഗസ്ഥരെ തെറിപ്പിക്കുന്നതിനെതിരെ കര്‍ക്കശമായ നടപടി സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഇവര്‍ ആഗ്രഹിക്കുന്നുമുണ്ട്.

സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ അതുകൊണ്ട് തന്നെ വളരെ പ്രാധാന്യത്തോടെയാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ നോക്കി കാണുന്നത്.

നഷ്ടപ്പെട്ട സര്‍വീസ് കാലാവധി തിരിച്ചു നല്‍കണമെന്നും സെന്‍കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടും സെന്‍കുമാറിനെ നിയമിക്കാതെ പുനഃപരിശോധനാ ഹര്‍ജിയുമായി മുന്നോട്ട് പോവാനുള്ള സര്‍ക്കാരിന്റെ നീക്കവും, കോര്‍ട്ടലക്ഷ്യത്തിന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച സെന്‍കുമാറിന്റെ നീക്കവും ആത്യന്തികമായി സര്‍ക്കാറിന് തിരിച്ചടിയാകുമെന്നും കടുത്ത നടപടി സുപ്രീം കോടതി സ്വീകരിച്ചാല്‍ അത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പായിരിക്കുമെന്നുമാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

Top