പൊലീസ് ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് ഭരണം നടത്തില്ലെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് ഭരണം നടത്തില്ലെന്ന നിലപാടില്‍ ടി പി സെന്‍കുമാര്‍!

ശനിയാഴ്ച ചാര്‍ജ്ജെടുക്കുമ്പോള്‍ താന്‍ ഇതുവരെ ഏത് രീതിയാണോ പിന്‍തുടര്‍ന്നത് ആ രീതിയില്‍ തന്നെ മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

പൊലീസിന്റെ സിസ്റ്റത്തിനകത്ത് പ്രശ്‌നമുണ്ടാക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമേയില്ലന്ന് അടുപ്പമുള്ള കേന്ദ്രങ്ങളോട് സെന്‍കുമാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

സെന്‍കുമാര്‍ വരുമെന്ന് മുന്‍കൂട്ടി കണ്ട് കൂടിയാണ് ശ്രീവാസ്തവയുടെ നിയമനം സര്‍ക്കാര്‍ വേഗത്തിലാക്കിയിരുന്നത്.

ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് ആണെന്നും പൊലീസിന്റെയല്ലെന്നുമുള്ള നിലപാടിലാണ് സെന്‍കുമാര്‍.

പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി ടോമിന്‍ തച്ചങ്കരിയെ കൊണ്ട് വന്നതും ഇപ്പോള്‍ നടത്തിയ മറ്റ് നിയമനങ്ങളുമെല്ലാം ഏതെങ്കിലും തരത്തില്‍ തന്റെ അധികാരത്തില്‍ കൈകടത്താനാണെങ്കില്‍ അനുവദിക്കില്ലെന്ന കാര്യം അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.

സര്‍ക്കാറുമായോ രഷ്ട്രീയ പാര്‍ട്ടികളുമായോ ഏറ്റുമുട്ടാനില്ല മറിച്ച് പൊലീസിന്റെ പണി കൃത്യമായി എടുത്ത് സര്‍വ്വീസില്‍ നിന്നും വിരമിക്കുക എന്നതാണ് സെന്‍കുമാറിന്റെ തീരുമാനമെങ്കിലും സെന്‍സിറ്റീവ് വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ ഇത് ഏത് രീതിയിലായി തീരുമെന്നത് കണ്ട് തന്നെ അറിയണം.

സംസ്ഥാനത്തെ അഞ്ചോ, ആറോ പേര്‍ക്ക് മാത്രമാണ് തന്നോട് വിരോധമെന്നും വിരമിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് പറയാമെന്നും കഴിഞ്ഞ ദിവസം ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ സെന്‍കുമാര്‍ പറഞ്ഞത് നിലപാടുകളില്‍ പിന്നോട്ടില്ലെന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ്.

സെന്‍കുമാര്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജൂണ്‍ 30 വരെ പൊലീസിനെ സംബന്ധിച്ച ‘സുപ്രധാന’ തീരുമാനങ്ങള്‍ എടുക്കാതെ മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ നീക്കമത്രെ.

സങ്കീര്‍ണ്ണതയുള്ള ‘ഫയലുകള്‍’ ഭരണ വിഭാഗം ചുമതലയുള്ള എഡിജിപി ടോമിന്‍ തച്ചങ്കരി കണ്ടതിന് ശേഷം മാത്രമേ ഇനി ‘മുന്നോട്ട് ‘ നീങ്ങൂ.

ജില്ലകളിലെ പെലീസ് ഭരണത്തിലും തച്ചങ്കരി വഴിയുള്ള ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി നടത്തുക.

അതേസമയം രാഷ്ട്രീയ താല്‍പര്യമുള്ള കേസുകളില്‍ സെന്‍കുമാറിന്റെ നിലപാട് എന്തായിരിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാറിന് ആശങ്കയുണ്ട്.

പ്രത്യേകിച്ച് സെന്‍കുമാറിന്റെ രണ്ടാം വരവ് പ്രതിപക്ഷം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍.

കേസ് രജിസ്റ്റര്‍ ചെയ്യാനും അറസ്റ്റ് ചെയ്യാനും അധികാരമുള്ള എസ്‌ഐ- സിഐ തസ്തികകളിലെ ഉദ്യോഗസ്ഥരില്‍ പൂര്‍ണ്ണ അധികാരമാണ് സംസ്ഥാന പൊലീസ് മേധാവിക്കുള്ളത്.

ഇവരെ സ്ഥലം മാറ്റാനും സസ്‌പെന്റ് ചെയ്യാനും സര്‍ക്കാറിന്റെ യാതൊരു അനുമതിയും പൊലീസ് മേധാവിക്ക് ആവശ്യവുമില്ല.

എന്നാല്‍ ഡിവൈഎസ്പി മുതല്‍ എഡിജിപി വരെയുള്ളവർക്ക് സെന്‍കുമാര്‍ പറയുന്നത് അനുസരിക്കേണ്ടി വരുമെങ്കിലും അവരില്‍ ആരെങ്കിലും അനുസരണക്കേട് കാട്ടിയാല്‍ നടപടി എടുക്കാന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാനും സര്‍വ്വീസ് ബുക്കില്‍ ‘ചുവപ്പ് ‘ വരക്കാനും മാത്രമേ പൊലീസ് മേധാവി എന്ന നിലയില്‍ അദ്ദേഹത്തിന് കഴിയുകയുള്ളു.

ഇവിടെ സര്‍ക്കാര്‍, പൊലീസ് മേധാവിയുടെ ‘പ്രതിപക്ഷ ‘ത്തായതിനാല്‍ സര്‍ക്കാര്‍ വിധേയത്ത്വമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സാഹസത്തിന് മുതിര്‍ന്നാലും അത്ഭുതപ്പെടേണ്ടതില്ല.

സെന്‍കുമാറിനെ പോലെയുള്ള കര്‍ക്കശകാരന്‍ പിടി മുറുക്കിയാല്‍ അത് പൊലീസ് തലപ്പത്ത് രൂക്ഷ ഭിന്നതക്കും പൊട്ടിത്തെറിക്കും കാരണമാകുമെന്നതിനാല്‍ സേന ആകാംക്ഷയോടെയാണ് പുതിയ സ്ഥാനാരോഹണങ്ങളെ നോക്കി കാണുന്നത്.

അതേസമയം പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി ശനിയാഴ്ച രാവിലെ ടോമിന്‍ തച്ചങ്കരി ചാര്‍ജ്ജെടുത്തു. സംസ്ഥാന പൊലീസ് മേധാവിയായി ടി പി സെന്‍കുമാറും ചാര്‍ജെടുത്തു.

Top