‘സൂരജ് വീണ്ടും കുരുക്കില്‍’; ബീച്ചാശുപത്രി അഴിമതി കേസ് പുനരന്വേഷിക്കണമെന്ന് കോടതി

കോഴിക്കോട്: പാലാരിവട്ടം പാലം അഴിമതി കേസിന് പിന്നാലെ വീണ്ടും കുരുക്കിലായി മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ്. കോഴിക്കോട് ബീച്ചാശുപത്രിയിലേക്കുള്ള ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയ കേസില്‍ നിന്നും സൂരജിനെ പ്രതിസ്ഥാനത്ത് നിന്ന് നീക്കിയ നടപടി കോഴിക്കോട് വിജിലന്‍സ് കോടതി തള്ളിയിരിക്കുന്നു.

കേസിലെ രണ്ടാം പ്രതിയായിരുന്നു ടി.ഒ സൂരജിനെ കേസില്‍ നിന്ന് നീക്കിയതിനെതിരെ കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. മാത്രമല്ല കേസില്‍ പുനരന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സൂരജ് കോഴിക്കോട് കളക്ടറായിരുന്ന സമയത്താണ് ഈ അഴിമതി ആരോപണം ഉയരുന്നത്. അന്ന് 34 ലക്ഷത്തോളം രൂപ ചെലവാക്കി, ആര്‍സിഎച്ച് പദ്ധതി പ്രകാരമാണ് ബീച്ചാശുപത്രിയിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയത്. ഇതില്‍ വന്‍ അഴമതിയാണ് നടന്നിരുന്നത്. 2012ലാണ് ഈ കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നത്. കേസില്‍ ഒന്നാം പ്രതിയായിരുന്ന ഡോ വിജയനെയും, രണ്ടാം പ്രതി സൂരജിനെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് അന്വേഷണ സംഘം കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

ഇവരെ കേസില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, ഞങ്ങളെയും കൂടി ഒഴിവാക്കണെന്നാവശ്യപ്പെട്ട് മൂന്നും നാലും പ്രതികളായ എം.ജി ശശിധരനും ഡി.എം വാസുദേവനും വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് കൊണ്ടാണ് കോഴിക്കോട് വിജിലന്‍സ് കോടതി കേസില്‍ പുനരന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.

Top