ശബരിമല ഹോട്ടലോ, ടൂറിസം കേന്ദ്രമോ അല്ല; ടിഎന്‍ ശേഷന്റെ അഭിപ്രായം ഇങ്ങനെ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നൊരു പ്രസ്ഥാനം ഉണ്ടെന്നും, അതിന് ഇത്രയൊക്കെ ഭരണഘടനാ അധികാരങ്ങളും ഉണ്ടെന്ന് ഇന്ത്യക്ക് മനസ്സിലായത് ടി.എന്‍. ശേഷന്‍ എന്ന വ്യക്തിത്വം അതിന്റെ നേതൃത്വത്തില്‍ എത്തിയപ്പോഴാണ്. രാഷ്ട്രീയ നേതാക്കള്‍ വിറപ്പിച്ചിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതോടെ തിരികെ നേതാക്കളെ വിറപ്പിക്കുന്ന കമ്മീഷനായി മാറി. എല്ലാവിഷയങ്ങളില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്ന അദ്ദേഹത്തിന് ശബരിമല വിഷയത്തിലും തന്റേതായ നിലപാടുണ്ടായിരുന്നു.

ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന സുപ്രീംകോടതി വിധിയെ സ്ത്രീപുരുഷ സമത്വത്തിന്റെ പേരില്‍ കാണാന്‍ കഴിയില്ലെന്നാണ് ടി.എന്‍. ശേഷന്‍ നിലപാട് സ്വീകരിച്ചത്. പുരുഷനെയും, സ്ത്രീയെയും നിര്‍മ്മിച്ച സൃഷ്ടാവ് വ്യത്യസ്തമായാണ് അവരെ നിര്‍മ്മിച്ചത്. ഭരണഘടനാ സമത്വത്തിന്റെ പേരില്‍ മാത്രം ഈ ലിംഗസമത്വം സാധ്യവുമല്ല, അദ്ദേഹം ഈ വിഷയത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

ഹൈന്ദവ വിശ്വാസങ്ങള്‍ പ്രകാരം ക്ഷേത്രത്തില്‍ പോകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ശബരിമലയില്‍ പുരുഷന് ഏത് സമയത്തും അനുബന്ധമായ ചില കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പോകാമെങ്കിലും, സ്ത്രീകള്‍ക്ക് വ്യത്യസ്തമായ സമയമാണ് ആചാരം കല്‍പ്പിക്കുന്നത്. ഇത് തിരുത്താനുള്ള സുപ്രീംകോടതി വിധി വിശ്വാസികള്‍ ഏത് തരത്തില്‍ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കുന്ന രീതിയെ ലംഘിക്കുന്നതാണ്.

ശബരിമലയില്‍ കയറാന്‍ ചില വിഭാഗങ്ങള്‍ വാദിക്കുന്നത് പോലെ ഇത് ഹോട്ടലോ, ടൂറിസം കേന്ദ്രമോ അല്ല. വിശ്വാസം കൊണ്ടാണ് അവിടെ ആചാരങ്ങള്‍ അനുഷ്ഠിക്കേണ്ടത്. വിശ്വാസം ഇല്ലാതെ വരുന്നത് ഇത് നിര്‍വ്വഹിക്കാനും സാധിക്കില്ല. പാര്‍ലമെന്റില്‍ സ്ത്രീപുരുഷ അനുപാതത്തിനായി വാദിക്കാം, പക്ഷെ പരിശുദ്ധ ഇടങ്ങളില്‍ ഇത് വ്യത്യസ്തമായ കാര്യമാണ്, ശേഷന്‍ അന്ന് ചൂണ്ടിക്കാണിച്ചു.

Top