T N Prathapan

തൃശൂര്‍: ആദര്‍ശ ‘ധീര’ നിലപാടിലൂടെ നാലാംതവണ അങ്കത്തിനിറങ്ങുന്ന ടി.എന്‍ പ്രതാപന് കയ്പമംഗലം കയ്‌പേറുന്ന അനുഭവമാകുമോ!

തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സ്വന്തം പാര്‍ട്ടി അണികളില്‍ നിന്ന് തന്നെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രതാപന്‍. യുവാക്കള്‍ക്കും വനിതകള്‍ക്കുമായി സ്വയം ഒഴിഞ്ഞ് മാതൃക കാട്ടുമെന്ന് പറഞ്ഞ പ്രതാപന്‍ പിന്‍വാതിലിലൂടെ രാഹൂലിനോട് അപേക്ഷിച്ച് സീറ്റ് വാങ്ങിയെടുത്തത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടികാട്ടി പ്രതാപനെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനങ്ങള്‍ നിറയുകയാണ്.

കോണ്‍ഗ്രസിലെ ഒരുവിഭാഗം തന്നെ പ്രതാപന്റെ മുഖംമൂടി പിച്ചിച്ചീന്താന്‍ ശക്തമായി രംഗത്തുണ്ട്. താന്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് രാഹൂല്‍ഗാന്ധിക്ക് കത്തയച്ചതായ വാര്‍ത്ത ടി എന്‍ പ്രതാപന്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും അത് വേണ്ടത്ര ഏശിയിട്ടില്ല.

നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ഹൈക്കമാന്റും രാഹൂല്‍ ഗാന്ധിയും ആവശ്യപ്പെട്ടാല്‍ പോലും പ്രതാപന്‍ പിന്മാറി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ അഭിപ്രായം.സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് തന്നെ പ്രതാപനെതിരെ രംഗത്ത് വന്നത് ഇടതുമുന്നണിക്ക് പിടിവള്ളിയായിട്ടുണ്ട്.

പ്രതാപന്റെ ആദര്‍ശത്തെ ചോദ്യം ചെയ്ത യൂത്ത് നേതാവ് അദ്ദേഹത്തിന്റെ പൊയ്മുഖം അഴിഞ്ഞ് വീണെന്നും ആരോപിച്ചിട്ടുണ്ട്. എഐസിസി സ്‌ക്രീനിങ്ങ് കമ്മിറ്റി അംഗീകരിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ അവസരം നഷ്ടപ്പെടുത്തിയതാണ് ഡീന്‍ കുര്യാക്കോസിനെ പ്രകോപിപ്പിച്ചത്. ഈ പ്രസ്താവന ഏറ്റെടുത്ത് കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ‘പ്രതാപന്‍വധം’ നടത്തിക്കൊണ്ടിരിക്കുകയാണ്.

സിപിഐയുടെ തീപ്പൊരി നേതാവ് വിഎസ് സുനില്‍കുമാര്‍ നിലവില്‍ പ്രതിനിധീകരിക്കുന്ന കയ്പമംഗലത്ത് ഇത്തവണ സിപിഐയിലെ ഇ ടി ടൈസണ്‍ മാസ്റ്ററാണ് പ്രതാപനെതിരെ മത്സരിക്കുന്നത്.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണെങ്കിലും പ്രതാപന്‍ സ്ഥാനാര്‍ത്ഥിയായാല്‍ പ്രതിഛായയുടെ ഇമേജ് പ്രതാപനെ തുണക്കുമോ എന്ന ആശങ്ക നേരത്തെ തന്നെ ഇടത് കേന്ദ്രങ്ങളിലുണ്ടായിരുന്നു.പ്രതാപന്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞപ്പോഴും അദ്ദേഹം കയ്പമംഗലത്ത് സ്ഥാനാര്‍ത്ഥിയാവുമെന്ന് മണ്ഡലത്തില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു.

എന്നാല്‍ സീറ്റ് പ്രഖ്യാപനത്തിലൂടെ കിട്ടിയ ‘ലാഭം’ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ നഷ്ടക്കച്ചവടമായി മാറുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ പ്രതാപന്‍ അനുകൂലികള്‍ക്കുള്ളത്. പ്രതാപന്റെ നിലപാട് മാറ്റം അവസരവാദപരമായി ചിത്രീകരിച്ച് പ്രഹരിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇതിനായുള്ള നീക്കങ്ങള്‍ ഇപ്പോള്‍ തന്നെ ഇടതുക്യാംപ് തുടങ്ങിക്കഴിഞ്ഞു.

കയ്പമംഗലത്ത് ‘മധുരം’ നുണയാനെത്തിയ പ്രതാപന്റെ രാഷ്ട്രീയ ജീവിതത്തില്‍ കയ്‌പേറിയ അനുഭവം കയ്പമംഗലം സമ്മാനിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Top