t-20 world cup england win south africa

മുംബൈ: ഇത് ക്രിക്കറ്റ് കളിയോ അതോ യുദ്ധമോ! ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക കളി കണ്ടവര്‍ ഇങ്ങനെ നെടുവീര്‍പ്പെട്ടാല്‍ അദ്ഭുതപ്പെടാനില്ല. ബാറ്റ്‌സ്മാന്മാര്‍

അഴിഞ്ഞാട്ടമല്ലായിരുന്നോ. റണ്‍മല കയറിയ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ജയം രണ്ടു വിക്കറ്റിന്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക നാലിന് 229, ഇംഗ്ലണ്ട് 19.4 ഓവറില്‍ എട്ടുവിക്കറ്റിന് 230. അന്താരാഷ്ട്ര ട്വന്റി-20യില്‍ പിന്തുടര്‍ന്നു ജയിക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറെന്ന റിക്കാര്‍ഡും ഇംഗ്ലീഷ് പടയ്ക്കു സ്വന്തം. വിന്‍ഡീസ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പിന്തുടര്‍ന്നു ജയിച്ച 236 റണ്‍സാണ് റിക്കാര്‍ഡ്. 44 പന്തില്‍ 83 റണ്‍സെടുത്ത ജോ റൂട്ടാണ് വെടിക്കെട്ട് ഷോയിലെ താരം. നാലു സിക്‌സറും ആറു ഫോറും ആ ബാറ്റില്‍നിന്ന് അതിര്‍ത്തികടന്നു. മത്സരത്തിലാകെ പിറന്നത് 459 റണ്‍സാണ്. 22 തവണയാണ് പന്ത് നിലംതൊടാതെ പറന്നത്. ഇതില്‍ 13 എണ്ണം ദക്ഷിണാഫ്രിക്കയുടെ വക.

ബൗളര്‍മാരെ ശരിക്കും പെരുമാറിയാണ് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി ഹാഷിം അംലയും ക്വിന്റണ്‍ ഡികോക്കും തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ പിറന്നത് 96 റണ്‍സ്. 24 പന്തില്‍ 52 റണ്‍സടിച്ചാണ് ഡികോക്ക് കളംവിട്ടത്. ഡിവില്യേഴ്‌സ് 16 റണ്‍സെടുത്ത് പോയത് ഇംഗ്ലണ്ടുകാരുടെ ഭാഗ്യമായി. അല്ലെങ്കില്‍ സ്‌കോര്‍ 300 കടന്നേനേ! അവസാന അഞ്ചോവറില്‍ കത്തിക്കയറിയ ജെ.പി. ഡുമിനിയും ഡേവിഡ് മില്ലറും വന്‍ സ്‌കോറിലേക്ക് ടീമിനെ നയിച്ചു. 28 പന്തിലാണ് ഡുമിനി 58 റണ്‍സെടുത്തത്. മില്ലര്‍ 12 പന്തില്‍ 28 റണ്‍സും. അവസാന 27 പന്തില്‍ 60 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.

വെടിക്കെട്ട് കഴിഞ്ഞെന്നു കരുതിയിരിക്കുമ്പോഴാണ് ഇംഗ്ലണ്ടിന്റെ തിരിച്ചടി. നേതൃത്വം നല്കിയത് ഓപ്പണര്‍ ജേസണ്‍ റോയിയും. 16 പന്തില്‍ 43 റണ്‍സെടുത്ത റോയി സ്റ്റാര്‍ട്ടിംഗിനുള്ള ഇന്ധനം നല്കിയപ്പോള്‍ റൂട്ട് ചരിത്രജയം പൂര്‍ത്തിയാക്കി. 22 എക്‌സ്ട്ര വിട്ടുനല്കിയ ബൗളര്‍മാരും ഇംഗ്ലണ്ടിനെ സഹായിച്ചു.

Top