സിറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡ് നാളെ ; വിവാദ വിഷയങ്ങള്‍ ചര്‍ച്ചയില്‍

കൊച്ചി: സിറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡ് നാളെ കൊച്ചിയില്‍ ആരംഭിക്കും. പതിനൊന്നു ദിവസമാണ് ഇത്തവണ സിനഡ് യോഗം ചേരുന്നത്. സീറോ മലബാര്‍ സഭയിലെ 63 മെത്രാന്മാരില്‍ 57 പേര്‍ സിനഡില്‍ പങ്കെടുക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സിനഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പന, വ്യജരേഖ വിവാദം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിനഡ് പരിശോധിക്കുമെന്ന് സഭ അറിയിച്ചു. വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും, മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായി അല്‍മായ നേതാക്കളുമായും സിനഡ് അംഗങ്ങള്‍ ചര്‍ച്ച നടത്തും.

തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടങ്ങാനാണ് വിമതരുടെ തീരുമാനം. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയില്‍ നിന്ന് മാറ്റുക, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ടു ബിഷപ്പുമാരെയും പൂര്‍ണ ചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങിയവയും വിമതരുടെ പ്രധാന ആവശ്യങ്ങളാണ്. കര്‍ദ്ദിനാളിനെതിരെ സമരം ചെയ്ത വൈദികര്‍ക്ക് എതിരെ നടപടി വേണമെന്ന ആവശ്യവുമായി കര്‍ദ്ദിനാള്‍ പക്ഷവും രംഗത്തുണ്ട്.

Top