പിടഞ്ഞ് വീഴുന്ന തലമുറ, ആ രാജ്യത്ത് ഇനി മനുഷ്യരാശി തന്നെ ഉണ്ടാകുമോ ?

സിറിയ എന്ന രാജ്യം കുരുന്നുകളുടെ ശ്മശാന ഭൂമിയായിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് നൂറോളം പേരാണ്. മൂന്നുമാസത്തിനിടെ നടന്ന ആക്രമണങ്ങള്‍ക്കിടെ നാലു ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വിട്ടത് ഐക്യരാഷ്ട്രസഭയാണ്.

ലോകത്തിന്റെ കണ്ണീരായി അനേകം കുരുന്നുകളാണ് സിറിയയില്‍ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. തകര്‍ന്നടിഞ്ഞ കെട്ടിടപ്പാളികള്‍ക്കിടയില്‍ നിന്നും തന്റെ കുഞ്ഞനിയത്തിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന അഞ്ചു വയസുകാരി റിഹാമാണിപ്പേള്‍ ലോകത്തിന്റെ കണ്ണ് നിറയ്ക്കുന്നത്. വിമതരുടെ ശക്തി കേന്ദ്രമായ ഇദ്‌ലിബ് പട്ടണത്തില്‍ നിന്നുമാണ് ഈ കരളലിക്കുന്ന കാഴ്ച. അടര്‍ന്ന് വീണ കൂറ്റന്‍ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍പ്പെട്ട് അലറി കരയുമ്പോഴും കുഞ്ഞനുജത്തിക്കായി അവള്‍ കൈകള്‍ നീട്ടുകയായിരുന്നു.

ജീവിതത്തിനും മരണത്തിനുമിടയില്‍ വേദന കൊണ്ട് പുളയുമ്പോഴും തകര്‍ന്നടിഞ്ഞ കൊട്ടിടപ്പാളിക്കുള്ളില്‍ കുടുങ്ങിയ അനിയത്തിയെ തിരയുകയായിരുന്നു കുഞ്ഞു റിഹാമിന്റെ കണ്ണുകള്‍. ഒടുവില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ മാറ്റി ഇരുവരേയും ആശുപ്രത്രിയിലെത്തിച്ചെങ്കിലും റിഹാം അതിനകം തന്നെ മരണത്തിനു കീഴടങ്ങിയിരുന്നു.

സ്‌കൂളുകള്‍, മാര്‍ക്കറ്റ്, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 26 കുട്ടികള്‍ ഉള്‍പ്പെടെ 103 പേരാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇത്തരം കൊടും ക്രൂരതകള്‍ സിറിയയില്‍ അരങ്ങേറുമ്പോഴും വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം നിസ്സംഗത പ്രകടിപ്പിക്കുന്നതാണ് ഞെട്ടിപ്പിക്കുന്നത്.

ഐ.എസിനെ മേഖലയില്‍ നിന്ന് തുരത്തിയ ശേഷം ബശ്ശാറുല്‍ അസദിന്റെ ഭരണകൂടവും വിമതരും തമ്മില്‍ തുടരുന്ന രക്തചൊരിച്ചിലുകളില്‍ ദിവസവും നൂറുകണക്കിന് കുട്ടികളാണ് മരിച്ചുവീഴുന്നത്. രക്തരൂഷിത പോരാട്ടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ മാത്രം 500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇതില്‍ 190 പേരും കുട്ടികളായിരുന്നു. പരസ്പരം കൊന്നുതീര്‍ക്കുന്ന പകപോക്കലുകളില്‍ ഇരയാകുന്നതില്‍ ഭൂരിഭാഗവും അത് എന്തിനാണെന്നു പോലും തിരിച്ചറിയാനാകാത്ത ഈ കുരുന്നുകളാണ്.

യുദ്ധത്തിനിടയില്‍പ്പെട്ട് എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുുന്ന കുഞ്ഞുങ്ങളുടെ ചിത്രം കരളലിയിപ്പിക്കുന്നതാണ്. ചുണ്ടിലേക്ക് തോക്കിന്‍കുഴലുകള്‍ നീട്ടിവച്ചിരിക്കുന്നത് നോക്കി കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിന്റെ ചിത്രവും, അമ്മയുടെ മടിത്തട്ടിലെന്ന പോലെ കുഞ്ഞുടുപ്പും ഷൂസുമണിഞ്ഞ് തുര്‍ക്കി തീരത്ത് ചേതനയറ്റ് കിടന്ന അയ്ലന്‍ കുര്‍ദിയെന്ന മുന്ന് വയസുകാരന്റെ ചിത്രവും ലോകത്തെ കരളലിയിച്ചതാണ്. വെറും ചിത്രത്തിനുപ്പുറം സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നങ്ങളുടെ നിസ്സഹായത കൂടിയായിരുന്നു യഥാര്‍ത്ഥത്തില്‍ അന്ന് അയ്ലന്‍ കുര്‍ദിയിലൂടെ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെട്ടിരുന്നത്.

ഇതിനു പിന്നാലെ ഒമ്‌റാന്‍ ദഖ്‌നീഷ് എന്ന ബാലന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയ ഒമ്‌റാന്‍, മുഖത്തും ശരീരത്തും രക്തം വാര്‍ന്നിരുന്ന അവസ്ഥയിലായിരുന്നു. ഒരു അയ്ലന്‍ കുര്‍ദിയും ഒമ്‌റാന്‍ ദഖ്‌നീഷും മാത്രമല്ല, പുറം ലോകം അറിയാത്ത സിറിയയിലെ എത്രയോ കുഞ്ഞുങ്ങള്‍ ഇന്നും എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ മരണത്തോട് മല്ലിടുകയാണ്.

യു.എന്‍ അഭയാര്‍ത്ഥി സമിതിയുടെ കണക്ക് പ്രകാരം ആഭ്യന്തര കലാപം മൂലം സിറിയയില്‍ നിന്ന് നാട് വിട്ടവരുടെ കണക്ക് നാല്‍പത് ലക്ഷത്തിലധികമാണ്. ഇതില്‍ പലരും ജീവനോടെ സുരക്ഷിത സ്ഥാനത്തെത്തിയിട്ടില്ല. തിരമാലകള്‍ കരയ്ക്കടുപ്പിക്കുന്ന അയ്ലന്‍ കുര്‍ദിയെപോലുള്ള കുഞ്ഞുങ്ങളെയും സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒമ്റാന്‍ ദഖ്നീഷിനെപോലുള്ളവരുടെ ചിത്രങ്ങളും കാണുമ്പോള്‍ മാത്രമാണ് ലോകരാഷ്ട്രങ്ങള്‍ കണ്ണീര്‍ പൊഴിക്കുന്നത്.

വംശീയവും വര്‍ഗീയവുമായ വിദ്വേഷം പടര്‍ത്തി ഇരു വിഭാഗവും കലാപങ്ങള്‍ക്ക് തീകൊളുത്തുമ്പോള്‍ അതുണ്ടാക്കുന്ന മഹാദുരന്തം നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും ഭീകരമാണ്. വംശീയകലാപങ്ങളിലും യുദ്ധത്തിലും പട്ടിണിയിലും ഉഴലുന്ന പശ്ചിമേഷ്യയിലെ ജനലക്ഷങ്ങളാണ് യൂറോപ്പിലേക്ക് കടക്കാന്‍ ഇപ്പോള്‍ വ്യഗ്രതപ്പെടുന്നത്. അതാകട്ടെ വലിയ മറ്റൊരു ദുരന്തത്തിലുമാണ് കലാശിക്കുന്നത്.

സിറിയന്‍ സര്‍ക്കാരും വിമത സൈന്യവും തമ്മിലുളള പോരാട്ടം തുടങ്ങി എട്ട് വര്‍ഷം പിന്നിടുമ്പോള്‍ ഈ ആഭ്യന്ത യുദ്ധത്തില്‍ പിടഞ്ഞ് വീണത് ലക്ഷക്കണക്കിനാളുകളാണ്. അഭയാര്‍ത്ഥികളായതാകട്ടെ അനേകായിരങ്ങളുമാണ്. കുരുന്നു ജീവനുകള്‍ക്ക് പോലും ഒരു വിലയും കല്‍പ്പിക്കാതെ കൊന്നുതള്ളുകയാണ് കലാപകാരികള്‍.

യു.എന്‍ രക്ഷാസമിതി വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി 24 മണിക്കൂറിനകം 24 പേരാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. സംഘര്‍ഷ മേഖലയില്‍ അകപ്പെട്ട ആയിരക്കണക്കിന് സാധാരണക്കാരെ രക്ഷപ്പെടുത്താനും മുറിവേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും അനുവദിക്കാതെ നിലവില്‍ ആക്രമണം തുടരുകയാണ്. ആശുപത്രികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ പോലും ഇവിടങ്ങളില്‍ നിത്യസംഭവമായിരിക്കുകയാണ്.

പ്രതിദിനം അഞ്ച് മണിക്കൂര്‍ വീതം വെടിനിര്‍ത്തലിന് തയ്യാറാണെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പതിനായിരങ്ങള്‍ നരകിക്കുന്ന മേഖലയില്‍, മുറിവുകളില്‍ തുണി വെച്ച് കെട്ടാന്‍ പോലും ഈ സമയം മതിയാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. രാസായുധ പ്രയോഗത്തിലും,ഡ്രോണ്‍ ആക്രമണത്തിലുമുള്‍പ്പെടെ ലക്ഷക്കണക്കിനാളുകളെ കൊന്നുത്തള്ളിയിട്ടും ഇപ്പോഴും സിറിയന്‍ പ്രശ്നം ലോകരാജ്യങ്ങള്‍ വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എന്ന് തീരും സിറിയയിലെ ദുരിതം എന്ന ചോദ്യത്തിനും ആര്‍ക്കും ഉത്തരമില്ല. എങ്ങും മൃതശരീരങ്ങളും, തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും, വെടിയൊച്ചകളും, രക്തവും മാത്രം. ഭൂമിയിലെ നരകം… അതാണിപ്പോള്‍ സിറിയ. യുദ്ധത്തിനും മീതെയുള്ള കൂട്ടക്കൊലയാണ് അവിടെയിപ്പോള്‍ നടക്കുന്നത്.

Express view

Top