Syrian National Coalition hails US strike on Homs base

ഡമസ്‌കസ്: സിറിയയിലെ യു.എസ് വ്യോമാക്രമണത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം.

ആക്രമണത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായി സിറിയന്‍ നാഷനല്‍ കോയലീഷന്‍ പ്രതിനിധി നജീബ് ഗദ്ബിയാന്‍ അറിയിച്ചത്.

യു.എസിന്റെ ഈ നടപടി നല്ല ചുവടുവെപ്പാണ്. സിറിയന്‍ സര്‍ക്കാരിന്റെ കൂട്ടക്കൊലക്കെതിരെയുള്ള സുപ്രധാന ചുവടുവെപ്പിനൊപ്പം ചേരാന്‍ ഞങ്ങളും ഉദ്ദേശിക്കുന്നു. സിറിയയിലെ രാഷ്ട്രീയ മാറ്റത്തിന് അവര്‍ മുന്‍കൈയ്യെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നജീബ് വ്യക്തമാക്കി.

സിറിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്ന ഹോംസിലെ ശെയ്‌റാത്തിലുള്ള വ്യോമ താവളത്തില്‍ ഇന്ന് പുലര്‍ച്ചെ 3.45നാണ് അമേരിക്ക മിസൈലാക്രമണം നടത്തിയത്. ബശ്ശാര്‍ അല്‍ അസദ് സര്‍ക്കാരിന്റെ രാസായുധാക്രമണത്തിനെതിരെ നടത്തിയ തിരിച്ചടിയായിരുന്നു അമേരിക്കയുടെ ആക്രമണം.

മെഡിറ്ററേനിയന്‍ കടലിലെ രണ്ട് യുദ്ധക്കപ്പലുകളില്‍ നിന്നായി സിറിയന്‍ വ്യോമ താവളത്തിന്റെ എയര്‍ സ്ട്രിപ്പ്, യുദ്ധ സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലം, കണ്‍ട്രോള്‍ ടവര്‍, വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലം എന്നിവിടങ്ങളില്‍ അറുപതോളം ക്രൂയിസ് മിസൈലുകളാണ് യു.എസ് സൈന്യം വര്‍ഷിച്ചത്.

അതേസമയം യു.എസിന്റെ നീക്കം ഭീകരര്‍ക്കെതിരായ സിറിയയുടെ പോരാട്ടത്തെ ബാധിക്കില്ലെന്നും ഇടപെടലില്‍ അത്ഭുതമായി തോന്നുന്നില്ലെന്നുമാണ് ഹോംസ് പ്രവിശ്യ ഗവര്‍ണര്‍ നല്‍കുന്ന വിശദീകരണം.

Top