Syrian Kurds ‘preparing to declare self-administration’

ദമാസ്‌കസ്: വിമതരുമായി നേരിട്ടുള്ള ചര്‍ച്ചക്കില്ലെന്ന് സിറിയന്‍ ഭരണകൂടം. വിയന്നയില്‍ ആരംഭിച്ച സിറിയന്‍ സമാധാന ചര്‍ച്ചക മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് അസദ് ഭരണകൂടം ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം വടക്കന്‍ സിറിയയിലെ സ്വാധീന മേഖലയില്‍ ഫെഡറല്‍ ഭരണസംവിധാനം നടപ്പാക്കാന്‍ കുര്‍ദ്ദുകള്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

അഞ്ച് വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ചയാണ് സമാധാന ചര്‍ച്ച പുനരാരംഭിച്ചത്. സിറിയന്‍ സര്‍ക്കാരുമായി നേരിട്ടുള്ള ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രതിപക്ഷസംഘം ഇന്നലെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിമതരുമായി മുഖാമുഖമുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് സിറിയന്‍ ഭരണകൂടം വ്യക്തമാക്കി.

സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള യുഎന്നിന്റെ ശ്രമങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കും അസദ് ഭരണകൂടത്തിന്റെ ഈ നിലപാട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെയാണ് പ്രധാന കുര്‍ദ്ദിഷ് പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി ഫെഡറല്‍ സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. വിയന്നയില്‍ ആരംഭിച്ച സമാധാന ചര്‍ച്ചയില്‍ കുര്‍ദ്ദുകളെ പങ്കെടുപ്പിക്കുന്നില്ല. അതെസമയം രാജ്യത്തെ വിഭചിക്കുന്ന ഒരു നടപടിയോടും യോജിക്കാനാവില്ല എന്നാണ് അസദ് ഭരണകൂടത്തിന്റെ നിലപാട്.

Top