സിറിയ, ചോരകറ ഉണങ്ങാത്ത ഏഴു വര്‍ഷങ്ങള്‍; കൊല്ലപ്പെട്ടത് 3,50,000 പേര്‍, സാധാരണക്കാര്‍ ഒരു ലക്ഷം

syriya2

ദമാസ്‌ക്കസ്: സിറിയന്‍ സംഘര്‍ഷം എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു. വരുന്ന വ്യാഴാഴ്ച പുലരുമ്പോള്‍ സിറിയയില്‍ യുദ്ധം തുടങ്ങിയിട്ട് ഏഴു വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2010-ല്‍ ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട അറബ് വസന്തത്തിന്റെ പാത പിന്തുടര്‍ന്ന് സിറിയയിലെ വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ച കലാപം ഇന്ന് രാജ്യത്തെ പലതായി വിഭജിച്ച്, കൂട്ടക്കുരുതികള്‍ക്ക് കളമൊരുക്കി, അധിനിവേശങ്ങളുടെ പിടിയില്‍ കൊണ്ടെത്തിച്ച് എങ്ങുമെത്താതെ തുടരുകയാണ്.

2011 മാര്‍ച്ചിലാണ് സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നത്. സിറിയന്‍ സൈന്യവും വിമതരും തമ്മിലാണ് കലാപം എന്നു പറയുമ്പോഴും അതില്‍ മതന്യൂനപക്ഷവും മതഭൂരിപക്ഷവും സുന്നിയും ഷിയായും കുര്‍ദും ഇറാനും ഇറാക്കും ഉള്‍പ്പടെ പലതരം ചേരുവകളുണ്ട്. അതിനുള്ളില്‍ വന്‍ ചൂഷണം നടത്തുന്ന ഭീകരര്‍വേറെ.

പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ പുറത്താക്കാന്‍ സമാധമാനപരായി തുടങ്ങിയ പ്രക്ഷോഭം 3,50,000 മുകളില്‍ മനുഷ്യരുടെ ജീവനെടുത്ത യുദ്ധമായി മാറി. ഐഎസ് എന്ന ലോകം കണ്ട ഏറ്റവും വലിയ ഭീകര സംഘടനയുടെ പിറവിക്കും സിറിയന്‍ ആഭ്യന്തര കലഹം കാരണമായി.

syria4

2011 മാര്‍ച്ച് 15-ന് ദര്‍ആ നഗരത്തില്‍ സര്‍ക്കാര്‍ സേന നടത്തിയ ഉപരോധമാണ് സിറിയയെ ആഭ്യന്തര യുദ്ധത്തിലേക്ക് പൂര്‍ണ്ണമായും തള്ളിയിട്ടത്. 250-ഓളം പേര്‍ കൊല്ലപ്പെട്ട സംഭവത്തോടെ തലസ്ഥാനമായ ഡമസ്‌കസിലും പരിസരങ്ങളിലും ഒതുങ്ങിനിന്ന പ്രതിഷേധം രാജ്യം മുഴുക്കെ പടര്‍ന്നുപിടിച്ചു. ദശലക്ഷങ്ങള്‍ തെരുവിലിറങ്ങിയതോടെ സൈന്യത്തെ ഉപയോഗിച്ച് തിരിച്ചടി ശക്തമാക്കിയത് അഭയാര്‍ഥി പ്രവാഹത്തിനും തുടക്കം കുറിച്ചു.

പ്രക്ഷോഭം ആരംഭിച്ച് ഒരു വര്‍ഷത്തിനകം അതിന്റെ സ്വാഭാവം മാറുകയായിരുന്നു. 2013-ല്‍ സിറിയയുടെ വടക്കന്‍ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആധിപത്യം ഉറപ്പിച്ചു. റാഖ തലസ്ഥാനമാക്കി മാറ്റിയ ഐഎസ് സമാന്തര ഭരണം പുറത്തെടുത്തു. 2014-ല്‍ അമേരിക്ക സിറിയന്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നതോടെ യുദ്ധത്തിന്റെ ഗതി തന്നെ മാറിപ്പോയി. നിരന്തരം വ്യോമാക്രമണങ്ങള്‍ നടത്തിയ അമേരിക്ക അതുവരെ വിമതരും സര്‍ക്കാരും കൊന്നു തള്ളിയതിനേക്കാള്‍ ജീവിതങ്ങള്‍ നശിപ്പിച്ചു കളഞ്ഞു.

syria1

സിറിയന്‍ മനുഷ്യാവകാശ നീരീക്ഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സിറിയയിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 3,50,000 പേരാണ്. അതേസമയം, 2011 മാര്‍ച്ച് 15നു ശേഷം 353, 935 പേര്‍ കൊല്ലപ്പെട്ടതായാണ് ബ്രിട്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം വെളിപ്പെടുത്തുന്നത്.

ഏഴു വര്‍ഷത്തിനിടെ സംഘര്‍ഷത്തില്‍ ഒരു ലക്ഷത്തില്‍ പരം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും സംഘം പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം 19, 811 കുട്ടികളും, 12,513 സ്ത്രീകളും, ഉള്‍പ്പെടെ 106,390 സാധാരണക്കാരും, 63, 820 പട്ടാളക്കാരുമാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.

syria5

എന്നാല്‍ 1, 630 ലെബനോണ്‍ ഹിസ്ബുള്ള തീവ്രവാദികളും, മറ്റ് ഷിയാ ഗ്രൂപ്പുകളില്‍ നിന്നായി 7,686 പേരും ഉള്‍പ്പെടെ 58, 130 കലാപകാരികളാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം സംഘര്‍ഷത്തില്‍ 63,360 ഐഎസ് തീവ്രവാദികളും, 62, 039 കുര്‍ദിഷുകളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ തിരിച്ചറിയത്ത 196 മൃതദേഹങ്ങള്‍ കൂടി സംഘര്‍ഷ ബാധിത സ്ഥലത്ത് നിന്നു ലഭിച്ചിരുന്നുവെന്നും സംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Top