പാക്കിസ്ഥാന്‍ ഭീകരവാദികളുടെ പറുദീസ; സിറിയ പിന്നിലെന്ന് റിപ്പോര്‍ട്ട്‌

terrorist

ലണ്ടന്‍: ഭീകരവാദികളുടെ പറുദീസയാണ് പാക്കിസ്ഥാനെന്ന് റിപ്പോര്‍ട്ട്. ലോക ഭീകരവാദ സംഘങ്ങളുടെ താവളങ്ങളില്‍ സിറിയെ കടത്തി വെട്ടിയിരിക്കുകയാണ് പാക്കിസ്ഥാന്‍. സിറിയയെക്കാള്‍ മൂന്നിരട്ടിയാണ് പാക്കിസ്ഥാനിലെ ഭീകരവാദി സാന്നിധ്യം. ‘ഹ്യുമാനിറ്റി അറ്റ് റിസ്‌ക്ക്- ഗ്ലോബല്‍ ത്രെറ്റ് ഇന്‍ഡിക്കന്റ്'(ജിടിടിഐ) എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയും സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അഫ്ഗാന്‍ താലിബാനും ലഷ്‌ക്കര്‍ ഇ ത്വയ്ബയുമാണ് ലോകത്ത് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്ന തീവ്രവാദ സംഘങ്ങള്‍. പാക്കിസ്ഥാനാണ് ലോകരാജ്യങ്ങളില്‍ ഏറ്റവുമധികം ഭീകരവാദികളെ സംരക്ഷിക്കുന്നത്.

അഫ്ഗാനിസ്ഥാനും ഈ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെയുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ ഭീകരവാദികള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

80 പേജുകള്‍ ഉള്ളതാണ് റിപ്പോര്‍ട്ട്. അടുത്ത പത്ത് വര്‍ഷത്തിനിടെ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമുള്ള നയരൂപീകരണം ഏതുതരത്തില്‍ വേണമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന തീവ്രവാദ സംഘങ്ങളും ഇതേ രീതിയില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത്തരം സംഘങ്ങളുടെ ആയുധ ഉപയോഗം സാമ്പത്തിക മേഖലയിലും വലിയ പ്രശ്ങ്ങളാണ് ഉണ്ടാക്കുന്നത്. തീവ്രവാദവും ഭീകരവാദവും പരസ്പര പൂരകങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

21-ാം നൂറ്റാണ്ടിലെ ആദ്യ 10 വര്‍ഷത്തിനിടയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായ 200 സംഘടനകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. ആ കാലയളവില്‍ തങ്ങളുടെ ആശയങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും പ്രചരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ഐഎസ്‌ഐഎസ് ഭീകരര്‍ക്ക് വലിയ മാധ്യമ ശ്രദ്ധ ലഭിച്ചു. എന്നാല്‍, അല്‍ ഖ്വയ്ദ നിശബ്ദമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ഒസാമ ബിന്‍ ലാദനു ശേഷം ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഹംസാ ബിന്‍ ഒസാമ ബിന്‍ ലാദനാണ് സംഘത്തലവന്‍. ഭീകരതയുടെ രാജകുമാരന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

രാജ്യത്തിന്റെ സുരക്ഷാ വിഭാഗങ്ങളില്‍ നിന്നും ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണ ഭാവിയിലെ വലിയ ഗുരുതര പ്രശ്‌നമായിരിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

അഫ്ഗാന്‍, സിറിയ, ലിബിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണെന്നും അവ വലിയ നെറ്റ് വര്‍ക്കായി വളരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Top