സിറിയൻ യുദ്ധം അമേരിക്ക – റഷ്യയുമായി ഏറ്റുമുട്ടലിൽ കലാശിക്കാൻ സാധ്യതയേറെ

syria-chemical-attack

വാഷിംങ്ങ്ടണ്‍: സിറിയയിലെ യുദ്ധം അമേരിക്ക – റഷ്യ ഏറ്റുമുട്ടലായി മാറാന്‍ സാധ്യത. നിലവില്‍ അമേരിക്കന്‍ സഖ്യകക്ഷിയായ ബ്രിട്ടന്‍ റഷ്യയുമായി കടുത്ത ഉടക്കിലാണ്. സിറിയയില്‍ രാസായുധ പ്രയോഗം വീണ്ടും നടന്നത് രൂക്ഷമായ ഭിന്നതയിലേക്ക് അമേരിക്കയെയും റഷ്യയെയും എത്തിച്ചിരിക്കുകയാണ്.

റഷ്യയുടെ മുന്നറിയിപ്പിന് ചുട്ട മറുപടി നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സിറിയക്കു നേരെ കൂടുതല്‍ മാരകമായ സ്മാര്‍ട്ട് മിസൈലുകള്‍ പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇത് ആത്യന്തികമായി റഷ്യ – അമേരിക്ക ഏറ്റുമുട്ടലായി മാറുമെന്ന ഭീതിയിലാണ് ലോകം.

സിറിയയ്ക്ക് നേരെ തൊടുക്കുന്ന മിസൈലുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ക്കുമെന്നാണ് റഷ്യയുടെ വെല്ലുവിളി. തയ്യാറായിക്കോളൂ റഷ്യ, നിങ്ങള്‍ സിറിയയ്ക്ക് നേരെ ഉപയോഗിച്ച രാസായുധങ്ങളേക്കാള്‍ നല്ല, മികച്ച മിസൈലുകള്‍ നിങ്ങള്‍ക്ക് നേരെ വരുന്നുണ്ട്. സ്വന്തം ജനതയെ ക്രൂരമായി കൊന്നൊടുക്കി ആസ്വദിക്കുന്ന പിശാചുമൊത്താണ് നിങ്ങളുടെ സഹവാസമെന്നും’ ട്രംപ് ട്വീറ്റ് ചെയ്തു.

റഷ്യയുമൊത്തുള്ള ഞങ്ങളുടെ ബന്ധം എക്കാലത്തെയും മോശം അവസ്ഥയിലാണ്. ഒരു ശീതയുദ്ധം തന്നെയാണ് നിലവിലുള്ളത്. ഒരു കാരണവുമില്ലാതെയാണ് ഇതെന്ന് മനസിലാക്കണമെന്നും ആയുധം കൊണ്ടുള്ള കളിക്കെതിരെ എല്ലാവര്‍ക്കും ഒന്നിച്ച് നില്‍ക്കാമെന്നും ട്രംപ് ആഹ്വാനം ചെയ്തു.

അതേസമയം സ്മാര്‍ട്ട് മിസൈലുകള്‍ തീവ്രവാദികള്‍ക്ക് നേരെ മാത്രമേ തൊടുക്കാനാകൂയെന്നും ജനകീയ സര്‍ക്കാരിന് നേരെ പ്രയോഗിക്കാനാവില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സിറിയയിലെ രാസായുധ പ്രയോഗത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനാണ് അമേരിക്ക മിസൈല്‍ ആക്രമണം നടത്തുന്നതെന്നുമാണ് അവരുടെ ആരോപണം. എന്നാല്‍ രാസായുധപ്രയോഗം നടന്നെന്ന ആരോപണം സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം സിറിയന്‍ സൈന്യത്തിന് സംരക്ഷണം നല്‍കുന്ന റഷ്യയ്ക്കാണെന്നാണ് അമേരിക്കയുടെ ആരോപണം.

Top