സിറിയയില്‍ കഴിഞ്ഞദിവസമുണ്ടായ ചാവേര്‍ അക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

സിറിയ; സിറിയയില്‍ കഴിഞ്ഞദിവസമുണ്ടായ ഐസിസ് അക്രമണത്തില്‍ നാല് അമേരിക്കന്‍ സൈനികരടക്കം 19 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യത്തെ സിറിയയില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകമായിരുന്നു സംഭവം. സിറിയയില്‍ നിലവില്‍ ഐസിസിനെ പൂര്‍ണമായും ഇല്ലാതാക്കിയെന്നും അമേരിക്കന്‍ സൈന്യത്തെ ഒരു മാസത്തിനകം തിരികെ വിളിക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.

മാന്‍ബിജി നഗരത്തിലൂടെ പോകുകയായിരുന്ന ഒരു അമേരിക്കന്‍ സൈനികവ്യൂഹത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. പാലസ് ഓഫ് പ്രിന്‍സസ് എന്ന ഒരു റസ്റ്ററന്റില്‍ സൈന്യം ഭക്ഷണം കഴിക്കാന്‍ കയറിയ സന്ദര്‍ഭത്തിലാണ് ആക്രമണം നടത്തിയത്. ചാവേര്‍ ഇവര്‍ക്കരികിലേക്ക് വന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും ട്രംപിന്റെ തീരുമാനത്തിനെതിരെ രംഗത്തുണ്ടായിരുന്നു. ആരോടും ആലോചിക്കാതെ തീരുമാനങ്ങളെടുക്കുന്ന ട്രംപിന്റെ ശൈലി കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാന്‍ ഈ സംഭവം കാരണമായി. കഴിഞ്ഞ ഒരു മാസത്തിനിടെ സിറിയയില്‍ നടന്ന വലിയ ആറ് ആക്രമണങ്ങളിലൊന്നാണ് ഇക്കഴിഞ്ഞ ദിവസത്തേത്.

Top