സിറിയന്‍ തലസ്ഥാനത്ത് വ്യോമാക്രമണം; യുദ്ധ വിമാനങ്ങള്‍ മിസൈലുകള്‍ വര്‍ഷിച്ചു

ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനത്ത് ഇസ്രയേലി വ്യോമാക്രമണം. ഡമാസ്‌കസിലാണ് ചൊവ്വാഴ്ച രാത്രി ഇസ്രേലി യുദ്ധവിമാനങ്ങള്‍ മിസൈലുകള്‍ വര്‍ഷിച്ചത്. സിറിയയിലുള്ള യുഎസ് സൈനികരെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ച് ദിവസങ്ങള്‍ക്കകമാണ് ആക്രമണം നടന്നിരിക്കുന്നത്. ഇറാന്റെയും ഹിസ്ബുള്ളയുടെയും ആയുധ ഡിപ്പോകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയതെന്നാണ് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇസ്രയേല്‍ തയാറായിട്ടില്ല.

ഇറാന്റെയും ഹിസ്ബുള്ളയുടെയും ആയുധ സംഭരണകേന്ദ്രങ്ങളില്‍ മിസൈലുകള്‍ പതിച്ചതായി സന്നദ്ധ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലെബനനു സമീപത്തുനിന്നാണ് ഇസ്രേലി വിമാനങ്ങള്‍ മിസൈലുകള്‍ തൊടുത്തത്. ഭൂരിഭാഗം മിസൈലുകളും വെടിവച്ചിട്ടതായി സിറിയന്‍ പട്ടാളവൃത്തങ്ങള്‍ അവകാശപ്പെട്ടു.

സിറിയയിലുള്ള 2000 യുഎസ് സൈനികരെ പിന്‍വലിക്കാന്‍ കഴിഞ്ഞയാഴ്ച ട്രംപ് തീരുമാനിച്ചിരുന്നു. ഇറാന്റെയും ഹിസ്ബുള്ളയുടെയും കേന്ദ്രങ്ങള്‍ തകര്‍ക്കാനായി ഇസ്രയേല്‍ സിറിയയില്‍ ആക്രമണം നടത്താറുണ്ട്. സിറിയയിലെ ഇറാന്റെ സൈനിക പ്രവവര്‍ത്തനങ്ങള്‍ക്കെതിരേ നടപടി തുടരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Top