സിറിയയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈലുകള്‍ ; നീക്കം പരാജയപ്പെടുത്തിയെന്ന് സൈന്യം

ദമാസ്‌കസ്:സിറിയയിലേക്ക് ഇസ്രയേല്‍ തൊടുത്ത രണ്ടു മിസൈലുകള്‍ സൈന്യം ഇടപെട്ടു തകര്‍ത്തതായി സിറിയയിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ‘സന’ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ കിസ്വ ജില്ലയ്‌ക്കെതിരെ എത്തിയ മിസൈലുകളാണു പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് സിറിയന്‍ സൈന്യം പരാജയപ്പെടുത്തിയത്.

സിറിയയിലെ ഒരു ആയുധ ഡിപ്പോയെ ലക്ഷ്യമാക്കിയാണ് മിസൈലെത്തിയതെന്ന് ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡയറക്ടര്‍ റാമി അബ്ദല്‍ റഹ്മാന്‍ പറഞ്ഞു. സംഭവത്തില്‍ മരണങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ അനുകൂല സൈന്യത്തിലെ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സിറിയയിലെ ഇറാന്റെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുമെന്നു ഇസ്രയേല്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഏഴു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി ഇറാന്‍ സൈനികരും സിറിയന്‍ സര്‍ക്കാരിനു വേണ്ടി രാജ്യത്തുണ്ട്. കിസ്വയ്ക്കു സമീപം സിറിയന്‍ സൈന്യത്തിന്റെ സ്ഥലത്ത് ഇറാന്‍ സൈന്യത്തിനും പ്രത്യേകം താവളമുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു ലക്ഷ്യമാക്കിയാണ് അക്രമമുണ്ടായതെന്നാണു വിലയിരുത്തല്‍.

ഇറാനുമായുള്ള ആണവകരാരില്‍ നിന്നു യുഎസ് പിന്മാറുകയാണെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനു മേല്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കും. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കു മേലും ഈ ഉപരോധം ഉണ്ടാകുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി. തികച്ചും ഏകപക്ഷീയമായ കരാറാണിത്. ഇറാനില്‍ നിലവിലെ ജീര്‍ണിച്ച സര്‍ക്കാരിന് കീഴില്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയാന്‍ ഇപ്പോഴത്തെ കരാര്‍ പ്രകാരം തങ്ങള്‍ക്കാവില്ലെന്ന് കരാറില്‍ നിന്നും പിന്മാറിക്കൊണ്ട് ട്രംപ് വ്യക്തമാക്കി.

donald-trumb-us

ഇറാന്‍ ഉപരോധത്തിലെ അയവ് യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം ഇടപാടായാണ് ട്രംപ് കണ്ടത്. ട്രംപിന്റെ തീരുമാനം നേരിടുമെന്ന് ഇറാന്‍ വൈസ് പ്രസിഡന്റ് ഇഷാഖ് ജഹാംഗിരിയും വ്യക്തമാക്കി. യു.എസ്, ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി, എന്നീ രാജ്യങ്ങളുമായി 2015ലാണ് ഇറാന്‍ ആണവകരാറില്‍ ഒപ്പുവെച്ചത്.

ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കുമെന്നുള്ളത് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നു കൂടിയാണ്. ആണവ കരാര്‍ ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണത്തിനുള്‍പ്പെടെ ഇറാനുമേല്‍ പൂര്‍ണനിയന്ത്രണം കൊണ്ടുവരില്ലെന്നായിരുന്നു പരാതി. സിറിയയിലെയും യമനിലെയും ഇടപെടലില്‍ നിന്ന് ഇറാനെ തടയുന്ന കാര്യം കരാറില്‍ ഇല്ല. കരാറില്‍ ഭേദഗതി വരുത്തി ആണവായുധങ്ങളുടെ നിര്‍മ്മാണത്തില്‍ ഇറാന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

Top