സഹതാപതരംഗം കൊണ്ട് മാത്രം ജയിക്കാനാകില്ല, പ്രവർത്തകർക്ക് അംഗീകാരമുള്ളയാളാകണം സ്ഥാനാർത്ഥി: ഡൊമിനിക് പ്രസന്റേഷൻ

കൊച്ചി: അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പത്‌നി ഉമ തോമസിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്‍. സഹതാപം ഫലം കാണുന്ന മണ്ഡലമല്ല തൃക്കാക്കര. ഇതൊരു അര്‍ബന്‍ മണ്ഡലമാണ്. സഹതാപതരംഗം കൊണ്ട് മാത്രം ജയിക്കാനാകില്ല. ആരെ നിര്‍ത്തിയാലും ജയിക്കുമെന്ന് കരുതിയാല്‍ തിരിച്ചടി ഉണ്ടാകും. പ്രവര്‍ത്തകര്‍ക്ക് അംഗീകാരമുള്ളയാളാകണം സ്ഥാനാര്‍ത്ഥിയായി വരേണ്ടതെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടത്. ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി വരണം. സാമൂഹിക സാഹചര്യം പരിഗണിച്ചില്ലെങ്കില്‍ വിപരീത ഫലം ഉണ്ടാകും. ആരെയെങ്കിലും നൂലില്‍ കെട്ടി ഇറക്കിയാല്‍ ഫലം കാണില്ല. സമവായങ്ങള്‍ നോക്കി മാത്രം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം. കെ വി തോമസ് ഇപ്പോഴും കോണ്‍ഗ്രസിന്റെ എഐസിസി അംഗമാണ്. ഒരാള്‍ പിണങ്ങിയാല്‍പ്പോലും ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം തൃക്കാക്കരയില്‍ യു ഡി എഫിനുണ്ട്. അത് മനസിലാക്കി കൃത്യമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മാത്രം ജയിക്കാം. കെ വി തോമസിനെ ഒപ്പം നിര്‍ത്താന്‍ നേതൃത്വം ശ്രമിക്കണം. നഷ്ടപ്പെടുന്ന 10 വോട്ട് പോലും തിരിച്ചടിയാകുമെന്നും ഡൊമനിക് പ്രസന്റേഷന്‍ പറഞ്ഞു. ഉമ തോമസ് സ്ഥാനാര്‍ത്ഥിയാകുമോ എന്നതില്‍ പ്രതികരിക്കാനില്ല. സ്ഥാനാര്‍ഥി ആരാകുമെന്നതില്‍ തീരുമാനം പാര്‍ട്ടിയുടേതാണെന്നും ഡൊമനിക് പ്രസന്റേഷന്‍ പറഞ്ഞു.

Top