റോബര്‍ട്ട് ക്ലൈവിന്റെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രിട്ടണില്‍ നിവേദനം

ലണ്ടന്‍: ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബംഗാളിലെ ആദ്യത്തെ ഗവര്‍ണറായിരുന്ന റോബര്‍ട്ട് ക്ലൈവിന്റെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രിട്ടണില്‍ ഒരുസംഘം ആളുകള്‍. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബെറിയിലാണ് റോബര്‍ട്ട് ക്ലൈവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. വര്‍ണവിവേചനത്തിനെതിരായ സമരത്തിനിടെ ബ്രിസ്റ്റോളിലുണ്ടായിരുന്ന അടിമ വ്യാപാരി എഡ്വേര്‍ഡ് കോള്‍സ്റ്റണിന്റെ പ്രതിമ പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു.

ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ പെറ്റീഷന്‍ സൈറ്റായ ചേഞ്ച് ഡോട്ട് ഓര്‍ഗില്‍ ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ 1700 പേരോളം ഇതില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍. ഷ്രോസ്‌ഫൈര്‍ കൗണ്ടി കൗണ്‍സിലിനെ അഭിസംബോധന ചെയ്താണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

18-ാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലെ പലഭാഗങ്ങളിലും നിയന്ത്രണം നേടിയ സമയത്ത് ബംഗാള്‍ പ്രസിഡന്‍സിയുടെ ഗവര്‍ണറായിരുന്നു റോബര്‍ട്ട് ക്ലൈവ്. തുടര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ബംഗാളിനെ കൊള്ളയടിച്ചതില്‍ ക്ലൈവിന്റെ പങ്ക് നിവേദനത്തില്‍ എടുത്ത് പറയുന്നുണ്ട്.

ഒരു ജനതയെ നശിപ്പിക്കുകയും നിരപരാധികളെ തന്റെ നിഷ്ഠൂരമായ ആജ്ഞകള്‍ കൊണ്ട് പീഡിപ്പിക്കുകയും ചെയ്ത മനുഷ്യനെ അനുസ്മരിപ്പിക്കുന്ന ഒരു പ്രതിമയെന്നത് കുറ്റകരവും ലജ്ജാകരവുമാണെന്ന് നിവേദനത്തില്‍ പറയുന്നു. മാത്രമല്ല ബോധപൂര്‍വ്വമോ അല്ലാതെയോ ആകട്ടെ ഇക്കാര്യം നൂറുകണക്കിന് വര്‍ഷങ്ങളായി ഷ്രൂസ്‌ബെറി ടൗണ്‍ സെന്റര്‍ ആഘോഷിക്കുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, നിവേദനം പരിഗണിച്ച് വിഷയത്തില്‍ ക്ലൈവിന്റെ ചരിത്രം പരിഗണിച്ച് ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പ്രദേശിക ഭരണകൂടത്തിന്റെ തീരുമാനം. 1757ലെ പ്ലാസിയുദ്ധം, 1765ലെ അലഹബാദ് ഉടമ്പടി തുടങ്ങി രണ്ട് സുപ്രധാന സംഭവങ്ങളിലാണ് റോബര്‍ട്ട് ക്ലൈവിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഷ്രോസ്‌ഫൈറിലെ ഡ്രേട്ടണില്‍ ജനിച്ച റോബര്‍ട്ട് ക്ലൈവ് 1743ലാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

Top