മുംബൈ: സെയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സൂപ്പര്‍ ലീഗില്‍ ബറോഡയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ബറോഡ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് മാത്രം ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു.
അവസാനഘട്ടത്തില്‍ തകര്‍ത്തടിച്ച റൈഫി വിന്‍സന്റ് ഗോമസും (21 പന്തില്‍ 47) പ്രശാന്ത് പത്മനാഭനുമാണ് (7 പന്തില്‍ 17) കേരളത്തെ വിജയതീരത്ത് എത്തിച്ചത്. അവസാന ഓവറില്‍ 11 റണ്‍സ് വേണ്ടിയിരുന്ന കേരളം റൈഫിയുടെ സിക്‌സറിലൂടെയാണ് വിജയറണ്‍ നേടിയത്.
പഠാന്‍ സഹോദരന്‍മാരും മുനാഫ് പട്ടേലും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളാല്‍ ശക്തരായ ബറോഡയ്‌ക്കെതിരെ, ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ കേരളത്തിന് വിജയം അനിവാര്യമായിരുന്ന കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 15 റണ്‍സെടുക്കുന്നതിനിടെ ജഗദീഷ് (1), സഞ്ജു (2) രോഹന്‍ പ്രേം (6) എന്നിവര്‍ കൂടാരം കയറി.
എന്നാല്‍ നിഖിലേഷ് സുരേന്ദ്രനും (32 പന്തില്‍ 36) സച്ചിന്‍ ബേബിയും (35 പന്തില്‍ 47) ചേര്‍ന്ന് പടുത്തുയര്‍ത്തിയ 59 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് കേരള ഇന്നിങ്‌സിന് പുതുജീവന്‍ നല്‍കി. പിന്നീട് റൈഫിയും സച്ചിനും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിന്റെ പ്രതീക്ഷകള്‍ സജീവമാക്കി.
സച്ചിനും പിന്നാലെ ഫാബിദ് അഹ്മദും (8 പന്തില്‍ 11) മടങ്ങിയതോടെ കേരളത്തിന്റെ നില വീണ്ടും പരുങ്ങലിലായി. 25 പന്തുകളും നാലു വിക്കറ്റുകളും ശേഷിക്കേ അപ്പോള്‍ കേരളത്തിന് 41 റണ്‍സ് വേണമായിരുന്നു. എന്നാല്‍ അപരാജിതമായ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 23 പന്തില്‍ 45 റണ്‍സ് അടിച്ചുകൂട്ടിയ റൈഫിപ്രശാന്ത് സഖ്യം ടീമിനെ ഉജ്ജ്വല വിജയത്തില്‍ എത്തിക്കുകയായിരുന്നു.
നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡയ്ക്ക് മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ കേദാര്‍ ദേവ്ധര്‍ 36 പന്തില്‍ 31 റണ്‍സെടുത്തപ്പോള്‍ മധ്യനിരയില്‍ ദീപക് ഹൂഡയും (16 പന്തില്‍ 32) ഇര്‍ഫാന്‍ പഠാനും (18 പന്തില്‍ 35*) തകര്‍ത്തടിച്ചു. മൃണാല്‍ ദേവ്ധര്‍ (14), എച്ച് എച്ച് പാണ്ഡ്യ (16), യൂസുഫ് പഠാന്‍ (18) എന്നിവരും ബറോഡ സ്‌കോറിലേക്ക് വിലപ്പെട്ട സംഭാവന നല്‍കി


