സൈറാ നരസിംഹ റെഡ്ഡിയിലെ ടൈറ്റില്‍ ഗാനം പുറത്ത്

സൈറാ നരസിംഹ റെഡ്ഡിയിലെ ടൈറ്റില്‍ ഗാനത്തിന്റെ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മികച്ച പ്രേക്ഷക പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. തമന്നയും നയന്‍താരയുമെത്തുന്ന ഗാനരംഗത്തില്‍ ചിരഞ്ജീവിയുടെ സംഘട്ടന രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമിത് ത്രിവേദി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും സുധിനി ചൗഹാനും ചേര്‍ന്നാണ്.

സ്വാതന്ത്ര സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമാണിത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യമായി യുദ്ധം കുറിച്ച ധീരനായ പോരാളിയാണ് നരസിംഹ റെഡ്ഡി. ചിരഞ്ജീവിയുടെ 151-ാമത് ചിത്രവും റാം ചരണിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണിത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നിങ്ങനെ നാലു ഭാഷകളിലായി ഒക്ടോബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. റാം- ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയന്‍താരയാണ് നായിക. തമന്ന, വിജയ് സേതുപതി കിച്ച സുധീപ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top