രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില

ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില. ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയായ കാഡിലയുടെ വാക്‌സിന്‍ കൊവിഡ് കേസുകള്‍ക്കെതിരേ 66.6 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായാണ് വ്യക്തമാക്കുന്നത്.

സൈക്കോവ് ഡി എന്ന പേരിലുള്ള വാക്‌സിന്‍ വര്‍ഷത്തില്‍ 12 കോടി ഡോസ് ഉല്‍പ്പാദിപ്പിക്കാനാണ് സൈഡസ് കാഡില ലക്ഷ്യമിടുന്നത്. അനുമതി ലഭിച്ചാല്‍ ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ എന്ന പേര് സൈക്കോവ് ഡിക്കു ലഭിക്കും.

നിലവില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിക്കുന്ന അഞ്ചാമത്തെ കമ്പനിയാണ് സൈഡസ് കാഡില. നിലവില്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ്, റഷ്യന്‍ നിര്‍മിത സ്പുട്‌നിക്, മോഡേണ എന്നിവയ്ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സീനായ കൊവാക്‌സീന് ശേഷം രാജ്യത്ത് തദ്ദേശിയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്‌സീനാണ് സൈകോവ്ഡി. അഹമ്മദബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ സൈഡസ് കാഡിലയാണ് വാക്‌സീന്‍ വികസിപ്പിച്ചത്.

Top