ഷാരൂഖ് ഖാന്‍ നായകനാവുന്ന ചിത്രം ഇപ്പോഴും ഓണ്‍ ആണെന്ന് ശ്യാം പുഷ്‍കരന്‍

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ നായകനാക്കി ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ ഒരു ഹിന്ദി ചിത്രം വരുന്നതായ ആദ്യ അപ്ഡേറ്റ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എത്തിയത്. ഷാരൂഖിന്റെ മുംബൈയിലെ വീടായ മന്നത്തില്‍ വച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രം ആഷിക് തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രോജക്റ്റിനെക്കുറിച്ച് അപ്ഡേറ്റുകളൊന്നും എത്തിയില്ല. ഇപ്പോഴിതാ അത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ശ്യാം പുഷ്കരന്‍.

ആ ചിത്രം ഇപ്പോഴും ഓണ്‍ ആണെന്ന് ശ്യാം പറയുന്നു. മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്യാം ഇതേക്കുറിച്ച് പറയുന്നത്. ഷാരൂഖ് ഖാനെപ്പോലെ ഒരു വലിയ താരത്തെവച്ച് സിനിമ ചെയ്യണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം അതിനായി മാറ്റിവെക്കണം. അതിന്റെ സ്ക്രിപ്റ്റ് പൂര്‍ത്തിയായാല്‍ അദ്ദേഹത്തെ ഒന്നുകൂടി കാണണം. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം, ശ്യാം പറയുന്നു.

അതേസമയം ശ്യാം പുഷ്കരന്‍ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം തങ്കം ഈ വാരം തിയറ്ററുകളില്‍ എത്തുകയാണ്. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സഹീദ് അരാഫത്ത് ആണ്.

Top