തിരക്കഥ എഴുതുന്നതിനിടയില്‍ തന്നിലെ ഷമ്മിയെ തിരിച്ചറിയുന്നുണ്ടായിരുന്നു; ശ്യാം പുഷ്‌കരന്‍

കുമ്പളങ്ങി നൈറ്റ്‌സിലെ ‘ഷമ്മി ഹീറോയാടാ’ എന്ന ഡയലോഗ് ഓര്‍ക്കാത്തവരുണ്ടാകില്ല. ഇപ്പോഴിതാ ചിത്രത്തിലെ ‘സജി’ എന്ന കഥാപാത്രത്തെക്കാളും ‘ഷമ്മി’യോടാണ് തനിക്ക് സാമ്യമെന്ന് ചിത്രത്തിന്റെ രചയിതാവ് ശ്യാം പുഷ്‌കരന്‍ പറയുന്നു. ആ കഥാപാത്രത്തിന്റെ ചില ശീലങ്ങള്‍ തനിക്കും ഉണ്ടെന്നും എഴുതിയ സമയത്ത് തന്നിലെ ‘ഷമ്മി’യെ നോക്കിക്കാണുന്നുണ്ടായിരുന്നുവെന്നും ശ്യാം പറയുന്നു.

‘ഷമ്മിയെപ്പോലെ ആഹാരം കഴിക്കാന്‍ എനിക്കും പ്രത്യേകം പ്ലേറ്റൊക്കെയുണ്ട്. ആ കഥാപാത്രത്തിന്റെ രൂപീകരണവേള എനിക്ക് എന്റെയുള്ളിലേക്കുതന്നെ നോക്കാനുള്ള സന്ദര്‍ഭമായിരുന്നു. ഉള്ളില്‍ വഹിക്കുന്ന വൃത്തികെട്ട ആണത്തത്തെ തിരിച്ചറിയാനുള്ള സമയവും.’ എന്നാല്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച ‘സജി’യെ എഴുതുന്ന സമയത്ത് ഉദാഹരണങ്ങള്‍ക്കായി ചുറ്റുപാടിലേക്കുമാണ് നോക്കിയതെന്നും ശ്യാം പറയുന്നു. ‘എന്റെ അച്ഛനെയും കസിന്‍സിനെയുമൊക്കെ പോലെ ദൗര്‍ബല്യങ്ങളുള്ള, നല്ല മനുഷ്യരിലേക്കാണ് സജിക്കുവേണ്ടി ഞാന്‍ നോക്കിയത്’, ശ്യാം പുഷ്‌കരന്‍ പറയുന്നു.

Top