ആഗ്രയിൽ സ്വിസ് ദമ്പതികൾക്ക് നേരെ ആക്രമണം; സുഷമാ സ്വരാജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ആഗ്രയിൽ സ്വിസ് ദമ്പതികൾ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി.

അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടാണ് സുഷമാ സ്വരാജ് ആവശ്യപ്പെട്ടത്.

താജ് മഹല്‍ സന്ദര്‍ശത്തിനു ശേഷം ഫത്തേപൂര്‍ സിക്രി സന്ദര്‍ശിക്കുന്നതിനിടെയാണ് ഞായറാഴ്ച ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.

ക്വെന്റിന്‍ ജെര്‍മി ക്ലെര്‍ക്ക് (24) മാരി ഡ്രോക്‌സ്(24) എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

നാലംഗ സംഘം വടി കൊണ്ടും കല്ലുകള്‍ കൊണ്ടും ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

ആക്രമണത്തില്‍ ക്വെന്റിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.

സുഷമാ സ്വരാജിന്റെ നിര്‍ദ്ദേശ പ്രകാരം വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു

ക്വെന്റിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് ഇവരെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

ചെവിയിലെ ഒരു നാഡിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിക്കാമെന്നും ആശുപത്രി അധികൃതര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.

ക്വെന്റിനും , മാരി ഡ്രോക്‌സും സെപ്തംബര്‍ 30നാണ് ലൂസിയാനയില്‍ നിന്നും ആഗ്രയിലെത്തിയത്.

നാലംഗ സംഘം ഇവര്‍ക്കെതിരെ ആക്രോശിക്കുകയും വഴക്കിടുകയും ചെയ്തു. ബലം പ്രയോഗിച്ച് ഇവരുടെ വഴി തടയുകയും സെല്‍ഫി പകര്‍ത്തുകയും ചെയ്തു.

ഫത്തേപൂര്‍ സിക്രിയില്‍ നിന്നും മടങ്ങാനൊരുങ്ങിയ ഇവരെ സംഘത്തിലൊരാള്‍ വടി കൊണ്ട് ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ പരാതി എടുക്കണ്ടയെന്ന് ഇരുവരും ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടു പേരെ തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top