പന്നിപ്പനിയില്‍ അടിപതറി മഹാരാഷ്ട്ര; കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട്

swine flue

ന്യൂഡല്‍ഹി: ജനുവരി മുതല്‍ മഹാരാഷ്ട്രയില്‍ പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം 91 ആയെന്ന് കണക്കുകള്‍. സെപ്തംബര്‍ 25 വരെയുള്ള ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 88 പേര് പന്നിപ്പനി ബാധിച്ച് മരിച്ചു. നാസിക്കിലാണ് ഏറ്റവുമധികം ആളുകള്‍ മരിച്ചത്. 26 പേര്‍. മധ്യപ്രദേശില്‍ നിന്നുള്ള ആളുകളും മഹാരാഷ്ട്രയില്‍ രോഗബാധിതരായി മരിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് കാരണമാണ് മരണ നിരക്ക് ഇത്രയധികം വര്‍ദ്ധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പനി, ജലദോഷം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ 24 മണിക്കൂറിന് ശേഷവും തുടരുന്ന രോഗികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി ദീപക് സവാന്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് പന്നിപ്പനി രോഗബാധിതരെ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സിക്കുന്നതിനാവശ്യമായ പ്രത്യേക പ്രോട്ടോക്കോള്‍ നിര്‍ദ്ദേശിച്ചു.

892 പന്നിപ്പനി കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ എട്ടെണ്ണം ഒഴികെ ബാക്കിയെല്ലാം മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ്. പൂനെയില്‍ നിന്നുള്ള 44 പേരടക്കം 47 പേര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്. നാഗ്പ്പൂരില്‍ മൂന്ന് പേരും വെന്റിലേറ്ററില്‍ കഴിയുന്നുണ്ട്.

ഓഗസ്റ്റ് മാസത്തിലാണ് രോഗം ഇത്രയും പടര്‍ന്നു പിടിച്ചത്. പ്രമേഹ രോഗികള്‍, ഹൈപ്പര്‍ ടെന്‍ഷന്‍ അനുഭവിക്കുന്നവര്‍, കാന്‍സര്‍ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍ മരണം സംഭവിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്.

2009ലാണ് പന്നിപ്പനി എന്ന് രോഗം ആദ്യമായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്‌. 14 വയസ്സുള്ള പെണ്‍കുട്ടിയായിരുന്നു രോഗബാധിത. 2010 ആയപ്പോഴേയ്ക്കും തന്നെ 6,118 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആറ് പേര്‍ 2011ല്‍ രോഗം ബാധിച്ച് മരിച്ചു. തൊട്ടടുത്ത വര്‍ഷം 1,560 കേസുകള്‍ കണ്ടെത്താനായി അതില്‍ തന്നെ 135 പേര്‍ മരിച്ചു. 2014 ആയപ്പോഴേയ്ക്കും മരണ സംഖ്യ 149 ആയി മാറി. പിന്നീട് 115 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 43 പേര്‍ മരിച്ചു.

2015ല്‍ അതിമാരക രോഗമായി ഇത് മാറി എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 8,553 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 905 പേരാണ് മരണമടഞ്ഞത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം നമുക്ക് കുറേയൊക്കെ പ്രതിരോധിക്കാന്‍ സാധിച്ചു. 82 രോഗബാധിതരില്‍ 26 പേരാണ് മരിച്ചത്. എന്നാല്‍, 2017ലെ കണക്ക് ഞെട്ടിപ്പിച്ചു, 6,144 കേസുകളില്‍ 778 മരണങ്ങള്‍.

എച്ച് വണ്‍ എന്‍ വണ്‍ വൈറസ് പരത്തുന്ന രോഗമാണ് പന്നിപ്പനി. പനി, ചുമ, ശരീര വേദന, തലവേദന, വയറിളക്കം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ആരോഗ്യ രംഗത്ത് ഇന്ത്യ മികച്ച് നേട്ടം കൈവരിച്ചു എന്ന പ്രശംസകള്‍ ഏറ്റുവാങ്ങിയ അതേ സമയത്ത് തന്നെയാണ് രാജ്യത്ത് ഇത്രവലിയ ഒരു രോഗം പടര്‍ന്നു പിടിക്കുന്നത്.

Top