മെഡലിനായി നീന്തിയപ്പോഴും നാട്ടിലെ പ്രളയത്തിന്റെ ആശങ്കയിലായിരുന്നു : സാജന്‍ പ്രകാശ്

sajan

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ മെഡലിനായി നീന്തിയപ്പോഴും താന്‍ നാട്ടിലെ പ്രളയത്തിന്റെ ആശങ്കയിലായിരുന്നുവെന്ന് മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശ്. നാട്ടില്‍ മഴയുണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കിലും ഇത്രയും രൂക്ഷമായ അവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് സാജന്‍ വ്യക്തമാക്കി.

തന്റെ കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ലെന്ന വാര്‍ത്തയായിരുന്നു ഇതുവരെ താരത്തിനെ അലട്ടിയിരുന്നത്. ഈ പ്രതിസന്ധിക്കിടയിലും സാജന്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. എന്നാല്‍ ഫൈനലില്‍ അഞ്ചാം സ്ഥാനത്ത് എത്തുവാനെ സാജന് സാധിച്ചുള്ളു.

‘നാട്ടിലെ പ്രളയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ കുടുംബത്തെക്കുറിച്ചോര്‍ത്ത് എനിക്ക് ഉറങ്ങാന്‍പോലും കഴിഞ്ഞില്ല. അവരെ ഫോണില്‍ വിളിക്കാനോ ബന്ധപ്പെടാനോ കഴിഞ്ഞതുമില്ല. ഞാന്‍ കടുത്ത ആശങ്കയിലായിരുന്നു. അപ്പോഴാണ് അമ്മാവന്‍ വിളിച്ച് വീട്ടിലെല്ലാവരും സുരക്ഷിതരാണെന്ന് അറിയിച്ചത്. പ്രളയത്തിന്റെ കാര്യം എന്നോട് പറഞ്ഞാല്‍ അതെന്റെ പ്രകടനത്തെ ബാധിക്കുമെന്ന് കരുതി അമ്മ എന്നില്‍ നിന്ന് എല്ലാം മറച്ചുവെക്കുകയായിരുന്നു’ സാജന്‍ പ്രകാശ് പറഞ്ഞു.

ഫൈനലില്‍ മെഡല്‍ ലഭിച്ചില്ലെങ്കില്‍ കൂടി 30 വര്‍ഷത്തിനുശേഷം ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാവാന്‍ സാജന് കഴിഞ്ഞു.

Top