പലചരക്ക് സാധനങ്ങളുടെ വിതരണം ആരംഭിച്ച് സ്വിഗ്ഗി; തൊട്ടുപുറകെ സോമാറ്റോയും

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടകള്‍ അടച്ചിടുന്നതിനാല്‍ അവശ്യ സാധനങ്ങളെത്തിക്കാന്‍ ഫുഡ്ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗി ടയര്‍ 1, ടയര്‍ 2 നഗരങ്ങളില്‍ പലചരക്ക് സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യാന്‍ തുടങ്ങി. പലചരക്ക് സാധനങ്ങള്‍ എത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്സ് പോലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ആപ്ലിക്കേഷനുകള്‍ക്ക് ബദലായാണ് ഈ സംവിധാനം. സൂപ്പര്‍ മാര്‍ക്കറ്റ് ആപ്ലിക്കേഷന് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതില്‍ വളരെയധികം കാലതാമസമുണ്ടായി. അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട വസ്തുക്കള്‍ വാങ്ങാന്‍ പാടുപെടുന്ന ഉപഭോക്താക്കളുടെ രക്ഷയ്ക്കായാണ് സ്വിഗ്ഗി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ടയര്‍ 1, ടയര്‍ 2 നഗരങ്ങള്‍ കൂടാതെ മറ്റ് നഗരങ്ങള്‍ക്കും സ്വിഗ്ഗി ഗോ, സ്വിഗ്ഗി ജീനി എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ, സ്വിഗ്ഗിയുടെ പിക്ക് അപ്പ് ഡ്രോപ്പ് സേവനങ്ങള്‍ ബാംഗ്ലൂരില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. വിശാല്‍ മെഗാ മാര്‍ട്ട്, മാരികോ തുടങ്ങിയ വിവിധ ഓഫ്ലൈന്‍ റീട്ടെയിലര്‍മാരുമായി ഇതിനായി സ്വിഗ്ഗി ഇപ്പോള്‍ ബന്ധം സ്ഥാപിച്ചു. വെറും രണ്ട് മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ ഉപയോക്താക്കളുടെ വീട്ടിലെത്തിക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു. വിപുലമായ ഹൈപ്പര്‍ലോക്കല്‍ ഡെലിവറികള്‍ക്കായി ടയര്‍ 1, 2 നഗരങ്ങളിലും പലചരക്ക് സാധനങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നത് വര്‍ദ്ധിപ്പിക്കാനാണ് സ്വിഗ്ഗിയുടെ ശ്രമം. ഈ ഓഫര്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന് വിവിധ ദേശീയ, പ്രാദേശിക (എഫ്എംസിജി) ബ്രാന്‍ഡുകളുമായി ചര്‍ച്ച നടത്തുന്നു.

മാരികോയുമായുള്ള പങ്കാളിത്തമാണ് ഇത്തരത്തില്‍ ഏറ്റവും പുതിയത്. പലചരക്ക് വിതരണ സേവനങ്ങള്‍ക്ക് പുറമെ ആളുകള്‍ക്ക് സ്വിഗ്ഗിയുടെ പിക്ക് ആന്‍ഡ് ഡ്രോപ്പ് സേവനങ്ങള്‍ക്കായും സ്വിഗ്ഗി ഗോ, സ്വിഗ്ഗി ജീനി എന്നിവ ഉപയോഗിക്കാം. ഈ സവിശേഷത ഉപയോക്താക്കളെ ഏതെങ്കിലും ഇനം തിരഞ്ഞെടുത്ത് അടുത്തുള്ള സ്റ്റോറിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നു. ഈ ആഴ്ച ആദ്യം, ഇന്ത്യയിലെ സ്വിഗ്ഗിയുടെ എതിരാളിയായ സോമാറ്റോ 80 ഇന്ത്യന്‍ നഗരങ്ങളില്‍ പലചരക്ക് വിതരണം ആരംഭിച്ചിരുന്നു. ഇന്ത്യയിലും യുഎഇയിലും ഇത് ഇതിനകം ആരംഭിച്ചു, അടുത്ത ദിവസങ്ങളില്‍ മറ്റ് വിപണികളിലും ഇത് ലൈവാകുമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

Top